ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം: ഇതുവരെ 17,000 മെട്രിക് ടണ്‍ സംഭരിച്ചു

post

പാലക്കാട് : ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെയുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക് ടണ്‍ നെല്ല്. ഇതില്‍ സഹകരണ സംഘങ്ങള്‍ മാത്രം രണ്ടുദിവസത്തില്‍ സംഭരിച്ചത് 30 മെട്രിക് ടണ്‍ നെല്ലാണ്. ഒക്ടോബര്‍ 20 മുതലാണ് സഹകരണ സംഘങ്ങള്‍ നെല്ലുസംഭരണം ആരംഭിച്ചത്. ആദ്യ ദിനത്തില്‍ ആലത്തൂര്‍, മുണ്ടൂര്‍, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണ് നെല്ല് ഏറ്റെടുത്തത്.

17 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്നത്. ഇതിന് മുന്‍പ് 2003-2004 കാലഘട്ടത്തിലാണ് സഹകരണ സംഘങ്ങള്‍ നെല്ല് ഏറ്റെടുക്കല്‍ നടത്തിയിട്ടുള്ളത്. കൂടുതല്‍ സ്വകാര്യ മില്ലുകള്‍ ഒന്നാം വിള നെല്ലുസംഭരണത്തിന് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ്  സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നെല്ലുസംഭരണത്തിന് അനുമതി നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഇപ്രാവശ്യം  സഹകരണ സംഘങ്ങള്‍ ആദ്യമായി നെല്ല് ഏറ്റെടുത്തത്. മറ്റു ജില്ലകളില്‍ കൊയ്ത്ത് തുടങ്ങിയിട്ടില്ല. ജില്ലയിലെ 94 സഹകരണ സംഘങ്ങളില്‍ 35 എണ്ണം നെല്ല് ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ 24 സഹകരണ സംഘങ്ങള്‍ അനുവദിക്കപ്പെട്ട പാടശേഖരങ്ങളില്‍ നിന്നും നെല്ലുസംഭരണം ആരംഭിച്ചതായി സപ്ലൈകോ, സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.