മികച്ച ചികിത്സ തൊട്ടടുത്ത് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍; ആരോഗ്യ മന്ത്രി

post

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നര്‍ക്കിലക്കാട്  കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ ഏത് സമയത്തും തൊട്ടടുത്ത മികച്ച ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നമ്മുടെ ആരോഗ്യ മേഖലക്ക് വലിയ മാറ്റമാണ് ഉണ്ടായതെന്നും ഇതിന്റെ ഗുണഭോക്താക്കള്‍ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.  കാസര്‍കോട് വികസന പാക്കേജില്‍  രണ്ട് കോടി രൂപ  ചിലവിലാണ് ആശുപത്രിയുടെ പുതിയ രണ്ട് നില കെട്ടിടം തയ്യാറായത്. ആശുപത്രിയിലെ ചികിത്സ സൗകര്യം വര്‍ധിക്കുമ്പോള്‍ പട്ടിക വര്‍ഗ വിഭാഗം കൂടുതലുള്ള വെസ്റ്റ് എളേരി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാകും.

കേരളത്തില്‍ ആദ്യമായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിലേക്ക് എത്തിയ ആശുപത്രിയാണ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം. 1971 ല്‍ റൂറല്‍ ഡിസ്പന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ച ഈ ആശുപത്രി 1980 ലാണ് പ്രാഥമികാരോഗ്യ കേന്ദ്രമായി മാറിയത്. 2004ല്‍ 24*7 പ്രാഥമിക ആരോഗ്യ കേന്ദ്രമാവുകയും 2018 ല്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായും ഉയര്‍ന്നു. 2016 ല്‍ കായകല്പ അവാര്‍ഡും 2018 ല്‍ ദേശീയ പുരസ്‌കാരവും ലഭിച്ചു.  2019 ല്‍  മികച്ച മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മലയോരത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്ന ഈ ആതുരാലയത്തിനായിരുന്നു. 

നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി.  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവര്‍ മുഖ്യാതിഥികളായി.