ഗോള്‍ പദ്ധതി; കായിക ഉപകരണ കിറ്റുകള്‍ ജില്ലാകളക്ടര്‍ വിതരണം ചെയ്തു

post

സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗോള്‍ പദ്ധതിയിലൂടെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കായി അനുവദിച്ച കായിക ഉപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. രഘുനാഥ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ തലങ്ങളില്‍ മത്സരിച്ച ജില്ലയുടെ അഭിമാന കായികതാരങ്ങളെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു.


ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കായിക ഉപകരണ കിറ്റുകള്‍ ഏറ്റുവാങ്ങി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. അശോകന്‍, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.എം സതീഷ് കുമാര്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എം.എസ്. സുദീപ് ബോസ് നന്ദിയും പറഞ്ഞു.


കായിക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ ഫണ്‍ റണ്‍, എ.ആര്‍ ക്യാമ്പ് ടര്‍ഫില്‍ ഫുട്ബോള്‍, ഉദുമ എയോല്‍ പാലസില്‍ കബഡി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫണ്‍ റണ്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള ഉദ്ഘടാടനം ചെയ്തു. സ്‌പോര്‍ട്‌സ് അക്കാദമി, ഫുഡ്‌ബോള്‍, ഫെന്‍സിങ് താരങ്ങളും കായിക പ്രേമികളും ഭാഗമായി. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോലീസ്- സ്‌പോട്ടിങ് ആരോ കേരള ടീമുകള്‍ മത്സരിച്ചു. മത്സരം ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. സൗഹൃദ കബഡി മത്സരത്തില്‍ കബഡി ഉദുമ കബഡി അക്കാദമി - സ്‌പോര്‍ട്‌സ് അക്കാദമി കബഡി ടീമുകള്‍ മാറ്റുരച്ചു. കബഡി മത്സരം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു.