മാലിന്യ നിക്ഷേപം: പരാതി പരിഗണിച്ച് കാസർകോട് കളക്ടർ

post

* കർശന നടപടിയ്ക്ക് നിർദ്ദേശം

* പള്ളം കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദർശിച്ചു


കാസർകോട് നെല്ലിക്കുന്ന്,ബങ്കരക്കുന്ന്, കടപ്പുറം പ്രദേശങ്ങളിലൂടെ ഒഴുകുന്ന കൽമാടിത്തോട്ടിൽ മാലിന്യനിക്ഷേപത്തെ തുടർന്ന് ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു എന്ന പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പാലം നിർമ്മാണ സമയത്ത് നിർമ്മിച്ച താൽക്കാലിക റോഡിന്റെ അവശിഷ്ടങ്ങൾ അടിയന്തരമായി എടുത്തുമാറ്റാൻ നടപടികൾ സ്വീകരിക്കാൻ ചെറുകിട ജലസേചന വകുപ്പിനും പൊതുമരാമത്ത് പാലം വിഭാഗത്തിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് പിഴ ഈടാക്കും. . ഇതിനായി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കും. തോട് ശുചീകരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏറ്റെടുത്തു പൂർത്തിയാക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ്,നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നീസ ഹമീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാഫർ കമാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹമീദ് ബദ്ര, മുനിസിപ്പൽ സെക്രട്ടറി കെ.ഷാജു കടപ്പുറം സൗത്ത് വാർഡ് മെമ്പർ രഞ്ജിഷ, കാസർകോട് തഹസിൽദാർ ഷെറിൽ ബാബു, കാസർകോട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ഉമ്മർ ഫാറൂഖ്, കാസർകോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ കെ അർജുനൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എ അനൂപ്,നിവ്യ ശുചിത്വമിഷൻ കോഡിനേറ്റർ പി ജയൻ എന്നിവർ കൂടെയുണ്ടായിരുന്നു.