കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തങ്ങള്‍; രാഹുല്‍ ഗാന്ധി എം.പി

post

വയനാട്: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. രോഗത്തെ നേരിടുന്ന കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും എം.പി സംതൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങി ഉദ്യോഗസ്ഥരുമായി കലക്ടറുടെ ചേംബറില്‍ ചര്‍ച്ച നടത്തി.

കോവിഡുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ചു വരുന്ന നടപടികളും ജില്ലാ കലക്ടറും ഡി.എം.ഒയും മറ്റ് ഉദ്യോഗസ്ഥരും എം.പിക്ക് വിശദീകരിച്ചു നല്‍കി. രോഗവ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും വേണ്ടി വരുമെന്ന് എം.പി പറഞ്ഞു. സംസ്ഥാനത്ത് പൊതുവില്‍ ജങ്ങളുടെ മികച്ച സഹകരണവും ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സജ്ജീവ ഇടപെടലുകളും പ്രശംസനീയമാണ്. ഇക്കാര്യത്തില്‍ തന്നെ എല്ലാ പിന്തുണയും എം.പി ഉറപ്പു നല്‍കി.

കൂടിക്കാഴ്ചയില്‍ കെ.സി വേണുഗോപാല്‍ എം.പി, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി, എ.ഡി.എം കെ. അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ ഷാജു എന്‍.ഐ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, കോവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.കെ. ചന്ദ്രശേഖരന്‍, ജില്ലാ സര്‍വെലന്‍സ് ഓഫീസര്‍ ഡോ. സൗമ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.