കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ കൂടി മരിച്ചു ജാഗ്രത വേണമെന്ന് ഡി.എം.ഒ.

post

വയനാട് : മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കല്‍ വീട്ടില്‍ മത്തായി (71) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്‌നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. പത്തിന് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരിച്ചു വന്ന മത്തായി ശ്വാസതടസ്സത്തെ തുടര്‍ന്ന് 12 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. രക്താതിമര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. 15 മുതല്‍ ആരോഗ്യസ്ഥിതി മോശമാവുകയും ഇന്നലെ മൂന്നു മണിക്ക് മരണപ്പെടുകയും ചെയ്തു.

 പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28) ആണ് മരിച്ച മറ്റൊരാള്‍. പനി, ചുമ, ശ്വാസതടസ്സം എന്നീ അസ്വസ്ഥതകളുമായി  16ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കോവിഡ് ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൂന്നു മണിയോടെ മരണപ്പെട്ട ഫൗസിയയുടെ മൃതദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഇന്നലെ രാവിലെ മറവ് ചെയ്തതിനു ശേഷം വന്ന ട്രൂ നാറ്റ് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയവരെയും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ പൂര്‍ണ്ണ ജാഗ്രത പാലിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു.

ഏതെങ്കിലും രോഗത്തിന് ചികിത്സയിലിരിക്കെ മരിക്കുന്നവരിലും ആത്മഹത്യ ചെയ്യുന്നവരില്‍ പോലും നടത്തുന്ന കോവിഡ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയോജനങ്ങളും കുട്ടികളും ഗര്‍ഭിണികളും അത്യാവശ്യത്തിനല്ലാതെ പുറത്തു പോകരുത്. പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടായാല്‍  മറ്റുള്ളവരില്‍ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക,  ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക  തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലി ആവശ്യത്തിനും മറ്റും പുറത്ത് പോകുന്ന യുവാക്കള്‍  ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍  ദേഹശുദ്ധി വരുത്തുന്നത് കൊവിഡ് തടയാന്‍ സഹായകരമാണ്. ഡി എം ഒ പറഞ്ഞു.