കൊയ്ത്തിനൊരുങ്ങി പത്തിയൂര്‍ ദേവഹരിതം കരനെല്‍കൃഷി

post

ആലപ്പുഴ: ഹരിതകേരള മിഷന്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര വളപ്പില്‍ കൃഷി ചെയ്ത 'ദേവഹരിതം സുഭിക്ഷ കേരളം' കരനെല്‍കൃഷിയുടെ കൊയ്ത്ത് ഇന്ന് (ഒക്ടോബര്‍ 16ന്) ആരംഭിക്കും. തരിശുകിടന്നിരുന്ന ക്ഷേത്രംവക സ്ഥലത്താണ് പദ്ധതി പ്രകാരം കൃഷി ഇറക്കിയത്. 'ഭാഗ്യ' ഇനത്തിലുള്ള വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.

സംയോജിത കൃഷിക്ക് പ്രാമുഖ്യം നല്‍കി കാര്‍ഷിക വികസനം, മൃഗസംരക്ഷണം, മത്സ്യ കൃഷി എന്നിവയാണ് പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. പഞ്ചായത്ത് പരിധിയിലെ കാര്‍ഷിക മേഖലയില്‍ തരിശുനില കരനെല്‍ കൃഷി പ്രോത്സാപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിയിടം ഉഴുതുകൊടുക്കുന്നതുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏഴ് ലക്ഷം രൂപയാണ് ചെലവഴിച്ചത്.

പഞ്ചായത്ത് പരിധിയിലെ 30 ഏക്കറില്‍ കരനെല്ല്, മൂന്ന് ഏക്കറില്‍ ഞവരനെല്ല്, 15 ഏക്കറില്‍ എള്ള്, മൂന്ന് ഏക്കറില്‍ മുതിര, അഞ്ച് ഏക്കറില്‍ കൂവരക് (റാഗി), 15 ഏക്കറില്‍ ചോളം, മൂന്ന് ഏക്കറില്‍ സൂര്യകാന്തി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ മികച്ച പ്രവര്‍ത്തനവും കരനെല്‍കൃഷി വ്യാപിപ്പിക്കുന്നതില്‍ സഹായകരമായിട്ടുണ്ട്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗംങ്ങളായ അഡ്വ.കെ.എസ് രവി, അഡ്വ. വിജയകുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.