ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

post

ആലപ്പുഴ: സംസ്ഥാന ജലഗതാതഗ വകുപ്പ് പുതുതായി നിര്‍മ്മിച്ച് നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം 15.10.2020 രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കിടയിലും വിനോദ സഞ്ചാര മേഖലയിലും ഏറെ ഉണര്‍വുണ്ടാക്കുന്നതാണീ പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണീ വാട്ടര്‍ ടാക്സി. രാജ്യത്ത് തന്നെ ആദ്യമായാണ് വാട്ടര്‍ ടാക്സി എന്ന സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.

വളരെ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്സിയുടെ സേവനം പ്രയോജനപ്പെടുത്താം. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. കാറ്റാമറൈന്‍ രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ് വാട്ടര്‍ ടാക്സിയുടെ നിര്‍മ്മാണം. സംഘമായും വ്യക്തിഗതമായും ടാക്സികള്‍ ബുക്ക് ചെയ്യാം. മണിക്കൂറില്‍ 1500 രൂപയാണ് ബോട്ടിന്റെ നിരക്ക്. യാത്ര ചെയ്യുന്ന സമയത്തെ ചാര്‍ജ്ജ് മാത്രമാകും ഈടാക്കുക. ടാക്സികള്‍ ലഭിക്കുന്നതിനായി പ്രത്യേകം മൊബൈല്‍ നമ്പര്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും. മൂന്ന് വാട്ടര്‍ ടാക്സികള്‍ കൂടി ഉടന്‍ നീറ്റീലിറക്കും.

ഉദ്ഘാടന യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, ഡോ.റ്റി.എം. തോമസ് ഐസക്, എ.എം. ആരിഫ് എംപി എന്നിവര്‍ മുഖ്യാതിഥികളാകും.

ബോട്ടിന്റെ നിര്‍മ്മാണം

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവഗതി മറൈന്‍ എന്ന സ്ഥാപനമാണ് ബോട്ട് നിര്‍മ്മിച്ചത്. 175 കുതിര ശക്തിയുള്ള ഡീസല്‍ എഞ്ചിനാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐ.ആര്‍.എസ്. ക്ലാസില്‍ എയറോ ഡയനാമിക്സ് രീതിയിലാണ് ബോട്ടിന്റെ നിര്‍മ്മാണം. ഇന്‍ഡ്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ കാറ്റാമറൈന്‍ രീതിയില്‍ നിര്‍മ്മിച്ചതിനാല്‍ ബോട്ടിലെ യാത്രാ സുഖവും ഏറെയാണ്.

ഓരേ സമയം 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന നോണ് എസി ബോട്ടില്‍ ലെതര്‍ സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഫാന്‍, ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനായി ബോട്ടിനുള്ളില്‍ സോളാര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 8.65 മീറ്റര്‍ നീളവും 3.81 മീറ്റര്‍ വീതിയും 2.1 മീറ്റര്‍ ഉയരവുമാണ് ബോട്ടിനുള്ളത്. 1.19മീറ്ററാണ് ഹള്ളിന്റെ താഴ്ച. സുരക്ഷക്കായി ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയ, അഗ്‌നി ശമനത്തിനുള്ള യന്ത്രം, ഹള്ളില്‍ വെള്ളം കയറിയാല്‍ പുറം തള്ളാനുള്ള ഓട്ടോമാറ്റിക് സംവിധാനം എന്നിവയുമുണ്ട്. ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) മെറ്റീരിയല്‍ ഉപയോഗിച്ചാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 300 ലിറ്ററാണ് ബോട്ടിന്റെ ഫ്യുവല്‍ കപ്പാസിറ്റി. രണ്ട് ക്രൂ അംഗങ്ങളാണ് ബോട്ടില്‍ ഉണ്ടാവുക.