കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

post

പാലക്കാട് : ജില്ലയിലെ ന്യൂട്രിമിക്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലയില്‍ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്ലേക്കാട് ആരംഭിച്ച കോമണ്‍ ഫെസിലിറ്റി സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

'ടേക്ക് ഹോം റേഷന്‍' പദ്ധതിയുടെ ഭാഗമായി അംഗന്‍വാടികളില്‍ പോഷണ മിശ്രിതം വിതരണം ചെയ്യുന്ന 19 ന്യൂട്രി മിക്സ് യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഇതിലൂടെ കഴിഞ്ഞ 14 വര്‍ഷമായി 125 വനിതാ സംരംഭകര്‍ മികച്ച രീതിയില്‍  ഉപജീവനം കണ്ടെത്തുന്നു. സ്ഥലവും കെട്ടിടവും സ്വന്തമായുള്ള ആധുനിക സംരംഭങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. സംരംഭങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംഭരണ സൗകര്യം, പരിശീലന സൗകര്യം എന്നിവ ഒരുക്കുന്നതിനായാണ് ന്യൂട്രിമിക് കണ്‍സോര്‍ഷ്യം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ബിന്ദു, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കല്യാണി, കണ്‍സോര്‍ഷ്യം സെക്രട്ടറി  സുഹറ ടി, ട്രഷറര്‍ ഭാഗീരഥി എം.വി തുടങ്ങിയവര്‍ പങ്കെടുത്തു.