ജലജീവന്‍ മിഷന്‍ : പെരുവെമ്പ് പഞ്ചായത്തില്‍ 1200 കുടിവെള്ള കണക്ഷനുകള്‍

post

പാലക്കാട്: ജലജീവന്‍ മിഷന്‍ പദ്ധതികളുടെ ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തിയാക്കിയ 1200 കുടിവെള്ള കണക്ഷനുകളുടെ വിതരണോദ്ഘാടനം കറുകമണി സ്വദേശിയായ വീട്ടമ്മ ലക്ഷ്മിക്ക് കുടിവെള്ളം നല്‍കി മന്ത്രി നിര്‍വഹിച്ചു.

ചിറ്റൂരില്‍ 49,647 കണക്ഷനുകള്‍ നല്‍കും

ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 42,303 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് ഈ പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. നിയോജകമണ്ഡലത്തില്‍ ആകെ 54, 930 വീടുകളുണ്ട്. ഇതില്‍ 5,283 വീടുകള്‍ക്ക് നിലവില്‍ കുടിവെള്ള കണക്ഷന്‍ ഉണ്ട്. ബാക്കി 49,647 വീടുകളില്‍ 2024 ഓടെ കണക്ഷന്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.