ജില്ലാ ജയിലില്‍ കൊയ്ത്തുത്സവം:തടവുകാര്‍ കൊയ്തത് നൂറുമേനി നെല്ലും റാഗിയും

post

പാലക്കാട് : വര്‍ഷങ്ങളായി തരിശുകിടന്ന ജയില്‍ വളപ്പിലെ ഭൂമിയില്‍ വിത്തു വിതച്ച് മലമ്പുഴ ജില്ലാ ജയിലിലെ തടവുകാര്‍ നാലു മാസത്തിനു ശേഷം കൊയ്തെടുത്തത് നൂറുമേനി വിളവ്. 20 സെന്റിലെ നെല്‍കൃഷിയും 10 സെന്റിലെ റാഗിയുമാണ് കൊയ്തത്. കൊയ്തുല്‍സവം കെ. വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ 18 ന്  വിതച്ച നെല്ല് നാലു മാസത്തിനുശേഷം കൊയ്തെടുക്കാനായതിന്റെ സന്തോഷം എംഎല്‍എ പങ്കു വെച്ചു.

വരണ്ട കിടന്ന പ്രദേശം കിളച്ച് ഉഴുതുമറിച്ച് വയല്‍ പോലെ പരുവപ്പെടുത്തിയെടുക്കാനും നെല്ലു കൊയ്തെടുക്കും വരെ വെള്ളം ക്രമീകരിക്കാനും തടവുകാര്‍ നടത്തിയ കഠിനാധ്വാനമാണ്  മികച്ച വിളവു ലഭിക്കാന്‍ ഇടയാക്കിയതെന്ന് ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാര്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ തരിശു ഭൂമിയായിരുന്നിടത്താണ് നെല്ല് വിളഞ്ഞത്.

 മലമ്പുഴ കൃഷിഭവനില്‍ നിന്ന് വാങ്ങിയ ജ്യോതി മട്ട നെല്ലാണ് വിതച്ചത്. മൂന്ന് ഗ്രൂപ്പുകളിലായി 16 തടവുകാരാണ് ജയിലിലെ കൃഷിപ്പണികള്‍ ചെയ്യുന്നത്.കൂടാതെ ജയിലില്‍ പൂച്ചെടികള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, തെങ്ങ് ഉള്‍പ്പെടെയുള്ളവ കൃഷിചെയ്യുന്നുണ്ട്. 127 രൂപയാണ് ഓരോ തടവുകാരനും ദിവസക്കൂലിയായി  നല്‍കുന്നത്. കൂലി തടവുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ നിക്ഷേപിക്കുന്നുണ്ട്. ഇതുപയോഗിച്ച് കേസിന്റെ നടത്തിപ്പിനും മറ്റു വീട്ടുചെലവുകള്‍ക്കും പണം അയക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും തടവുകാര്‍ക്കുണ്ട്. കൃഷി പണിയിലും പൂന്തോട്ട പരിപാലനത്തിലും ഏര്‍പ്പെടുന്ന തടവുകാര്‍ക്ക് മറ്റുള്ള തടവുകാരെ അപേക്ഷിച്ച് കൂടുതല്‍ മാനസികവും ശാരീരികവുമായ ആരോഗ്യവും ഉന്മേഷവും ഉണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍  സാക്ഷ്യപ്പെടുത്തുന്നു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുരേഷ് ബാബു, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ കൃഷി ഓഫീസര്‍, കര്‍ഷക സംഘം ഭാരവാഹികള്‍ എന്നിവര്‍ ജയിലിലെത്തി തടവുകാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പരിപാടിയില്‍ കര്‍ഷക സംഘം ജില്ല പ്രസിഡന്റ് ജോസ് മാത്യൂസ്, മലമ്പുഴ കൃഷി ഓഫീസര്‍ പത്മജ, ജയിലുദ്യോഗസ്ഥരായ രാജേഷ്, സലില്‍ സുനില്‍ ,കൃഷ്ണമൂര്‍ത്തി, ബാബു, കാജാ ഹുസൈന്‍, രതി, മുരളി, ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.