ആര്‍ദ്രം മിഷന്‍: ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി സമര്‍പ്പിച്ചു

post

പാലക്കാട്: ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കിയ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനമൊട്ടാകെ പൂര്‍ത്തിയാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.

ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യരംഗത്ത് അതിശയകരമായ നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ മാതൃശിശു മരണനിരക്ക്, ചെലവുകുറഞ്ഞ ചികിത്സാരീതി, എന്നിവ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ പ്രത്യക്ഷ നേട്ടങ്ങളാണ്. ആദ്യഘട്ടം മുതല്‍ കഴിഞ്ഞ ഒമ്പത് മാസമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ജാഗ്രതയോടെ നടപ്പാക്കുന്നുണ്ട്. എന്നാല്‍ കോവിഡ്  രോഗികള്‍ കൂടുമ്പോള്‍ മരണനിരക്കും വര്‍ധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍ നിലനിര്‍ത്താന്‍ കഴിയുന്നത് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ജനപ്രതിനിധികള്‍, ജനങ്ങള്‍ എന്നിവരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചില വിഭാഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ജാഗ്രത കുറവ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെയാകെ ബാധിക്കുന്ന രീതിയിലേക്ക് മാറുന്നത് അനുവദിക്കാനാവില്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ മികവുമൂലമാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി. പാലക്കാട് ജില്ലയിലെ ഷോളയൂര്‍, എലമ്പുലാശേരി, പുതുശേരി, മുതലമട, പേരൂര്‍, പെരുമാട്ടി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 45 സ്ഥാപനങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിലായി ഉയര്‍ത്തപ്പെടുന്നത്. ഇതില്‍ 23 സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ഓരോ സ്ഥാപനത്തിലും ശരാശരി 15 ലക്ഷം വീതം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഏകീകൃത രൂപഭാവങ്ങളിലേക്ക് എത്തിച്ചത്.

ഒ.പി. കൗണ്ടര്‍, പ്രീചെക്കപ്പ് ഏരിയ, നിരീക്ഷണമുറി, രോഗപ്രതിരോധ കുത്തിവെപ്പ് മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള ഉപകരണങ്ങളുള്ള ലാബ് എന്നിവ ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള മുറിയും ഒ.പി കാത്തിരിപ്പ് കേന്ദ്രവും നവീകരിച്ചു. കൂടാതെ, രോഗികള്‍ക്കായി ശുചിമുറികള്‍ നിര്‍മിക്കുകയും ഭിന്നശേഷി സൗഹൃദമായി നവീകരിക്കുകയും ചെയ്തു. കൂടാതെ ജീവിതശൈലിരോഗ ക്ലിനിക്കും ശ്വാസ്, ആശ്വാസ് പ്രത്യേക ക്ലിനിക്കുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, വി. എസ്. സുനില്‍കുമാര്‍, എ. സി. മൊയ്തീന്‍, ചീഫ് വിപ്പ് കെ. രാജന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പി. ശശി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍. എല്‍. സരിത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എം.എല്‍.എ.മാരായ പി. ഉണ്ണി, കെ. ബാബു, എന്‍. ഷംസുദ്ദീന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.