മേപ്പാടിയില്‍ ഇനി ഡിജിറ്റല്‍ കുടിവെള്ള വിതരണം

post

വയനാട് : മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള വിതരണത്തിന്റെ അപാകതകള്‍ പരിഹരിച്ച് ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ വാട്ടര്‍ സപ്ലൈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി സങ്കേതിക വിദ്യയുടെ സഹായത്തോടെ കുടിവെള്ള വിതരണം നടത്തുന്ന ആദ്യ പഞ്ചായത്താണ് മേപ്പാടി.

കുടിവെള്ള ചോര്‍ച്ച, അമിതമായ ഉപയോഗം, വിതരണ സമയം, ഓപ്പറേറ്ററുടെ അഭാവം, അനുചിതമായ ബില്ലിംഗ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഉപയോഗത്തിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കുകയുള്ളു. പൂര്‍ണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയിലൂടെ വെള്ളം ആവശ്യാനുസരണം ചോദിച്ചു വാങ്ങാനും കുറച്ചു ദിവസം വെള്ളം ആവശ്യമില്ലെങ്കില്‍ കണക്ഷന്‍ നിര്‍ത്തലാക്കാനും വെബ് അപ്ലിക്കേഷന്‍ വഴി ഉപഭോക്താവിന് സാധിക്കും. വെള്ളത്തിന്റെ തുക ഓണ്‍ലൈനായോ അല്ലാതെയോ ഉപഭോക്താക്കള്‍ക്ക് അടക്കാവുന്നതാണ്. തുക അടക്കാത്തവരുടെ കണക്ഷന്‍ ഓഫീസില്‍ നിന്ന് തന്നെ നിര്‍ത്തലാക്കാന്‍ സാധിക്കും. ആയതിനാല്‍ കൃത്യമായ ബില്ല് കളക്ഷന്‍ നടക്കുകയും കുടിവെള്ള പദ്ധതി ലാഭകരമാവുകയും ചെയ്യും.

മേപ്പാടി പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ സുലൈമാന്‍, ചന്ദ്രന്‍, അബ്ദുള്‍ സലാം, എം.സി ഗ്രേഡ് ഇന്‍ഫോടെക് പ്രതിനിധികളായ മുഹമ്മദ് മുനാസില്‍, ഫിദല്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.