റോഡുകളുടെ പുനര്‍നിര്‍മ്മാണം: ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍

post

വയനാട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊരുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടുളള സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം  അറിയിച്ചത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിലാണ് പുനര്‍ നിര്‍മ്മിക്കുക. പുതിയകാലം പുതിയ നിര്‍മ്മാണം എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉള്‍ഗ്രാമങ്ങള്‍ക്ക് വികസന കുതിപ്പേകുന്ന അഞ്ചാംപീടിക - പുതുശ്ശേരി - കാഞ്ഞിരങ്ങാടി റോഡിലെ 5.2 കിലോമീറ്ററാണ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയ പുനര്‍ നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 6 കോടി രൂപയാണ് അനുവദിച്ചത്. 8 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. വീതി കൂട്ടല്‍, കല്‍വെര്‍ട്ട് നിര്‍മ്മാണം, സംരക്ഷണ ഭിത്തി,ഓവ്ചാല്‍ നിര്‍മ്മാണം എന്നിവയെല്ലാം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

കോറോം  ദോഹ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വടക്കെ വയനാടിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന നാല് സുപ്രധാന പാതകളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മാനന്തവാടി റോഡിന്റെ ഭാഗമായ തരുവണ - കാഞ്ഞിരങ്ങാട്, കാഞ്ഞിരങ്ങാട് - നിരവില്‍ പുഴ റോഡ്, തോണിച്ചാല്‍ - പളളിക്കല്‍ റോഡ്,  പളളിക്കുന്ന് - അഞ്ച് കുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും മുളളിത്തോട് - പുതുശ്ശേരി, ഒണ്ടയങ്ങാടി - ബാവലി റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ആകെ 46 കോടി രൂപയുടെ ഏഴ് പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി ജില്ലയില്‍ നടത്തിയത്.

ഒ.ആര്‍ കേളു എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എ. ബാബു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ. എന്‍. പ്രഭാകരന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എം. ഹരീഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.