ലൈഫ്: ജില്ലയില്‍ ഒരുങ്ങുന്നത് 42 പാര്‍പ്പിട യൂണിറ്റുകള്‍

post

വയനാട്: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂതാടി ഗ്രാമ പഞ്ചായത്തിലെ 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാര്‍പ്പിട യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്. 662 ലക്ഷം രൂപയാണ് പ്രവര്‍ത്തിയുടെ അടങ്കല്‍ തുക. ഇതില്‍ ഭവന നിര്‍മാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവര്‍ത്തിക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഭവന സമുച്ചയത്തില്‍ അംഗനവാടി, വായനശാല, വയോജന  പരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. 511.19  ഘന അടി വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റും രണ്ട് ബെഡ്‌റൂമുകള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുന്നതാണ്.