സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

പാലക്കാട്: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ആരും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ആശ്വാസമായിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട് എന്നതിനാല്‍ സാമ്പത്തിക പരിധി കണക്കാക്കാതെ എല്ലാ വിഭാഗം ജനങ്ങളേയും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വയംപര്യാപ്തത നേടുക എന്നുള്ളത് പ്രധാനമാണ്. അതിന്റെ ഭാഗമായാണ് സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമിട്ടത്. നാടൊരുമിച്ച് നിന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും എന്നതിന്റെ തെളിവാണ് സുഭിക്ഷ കേരളത്തിലൂടെ കൈവരിക്കുന്ന നേട്ടം. പദ്ധതിയിലൂടെ സംസ്ഥാനത്ത് 23,301 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി.

കോവിഡ് ദുരിതകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാതെ പൊതു മാര്‍ക്കറ്റില്‍ പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ കരുതലാണെന്ന് ഭക്ഷ്യ ധാന്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. പഞ്ചസാര, ആട്ട, ഉപ്പ്, കടല, ചെറുപയര്‍, സാമ്പാര്‍ പരിപ്പ്, വെളിച്ചെണ്ണ, മുളകുപൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാക്കും. എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് സെപ്റ്റംബര്‍ 28 വരേയും 29, 30 തിയതികളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്കും കിറ്റ് വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പാലക്കാട് നഗരസഭ അംഗങ്ങള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്കുമാര്‍, സപ്ലൈകോ മേഖലാ മാനേജര്‍ യു. മോളി എന്നിവര്‍ പങ്കെടുത്തു.