പാലുത്പാദന രംഗത്ത് അട്ടപ്പാടി സ്വയം പര്യാപ്തതയിലേക്ക്; മന്ത്രി കെ രാജു

post

പാലക്കാട് : പാലുത്പാദന രംഗത്ത് അട്ടപ്പാടി സ്വയം പര്യാപ്തതയിലേക്ക് എന്ന് വന  മൃഗസംരക്ഷണ  ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. സംസ്ഥാനത്തെ ആദ്യ ഇപ്ലാറ്റ് ഫോം കറവപശു വിതരണം ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു പദ്ധതിയിലൂടെ അട്ടപ്പാടി മാതൃകാപരമായ പ്രവര്‍ത്തനമാണ് മുന്നോട്ടു വക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി മേഖലയില്‍ നിലവില്‍ ആറോളം ക്ഷീരസംഘങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുകയും അട്ടപ്പാടിയിലെ തന്നെ ആകെ പാലുത്പാദനം വര്‍ദ്ധിക്കുമെന്ന് നിസ്സംശയം പറയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം സാധാരണക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് സ്വയംതൊഴിലും വരുമാനമാര്‍ഗവും ഉറപ്പുവരുത്താനാവുകയാണ്. കൃഷി പ്രധാനതൊഴിലായ അട്ടപ്പാടി മേഖലയെ മുന്നോട്ടു കൊണ്ടു വരുന്നതില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വലിയ പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനമൊട്ടാകെ ക്ഷീരമേഖലയില്‍ വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയടിസ്ഥാനത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ പദ്ധതികള്‍ സമയബന്ധികമായി നടപ്പിലാക്കി വരികയാണ് എന്നും കോവിഡ് നേരിടുന്ന ഈ കാലഘട്ടത്തിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 സ്ഥിരീകരിച്ച കര്‍ഷകര്‍ക്ക് അവരുടെ പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേകം ആനുകൂല്യം, ക്ഷീരക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ എന്നിവയും നല്‍കാനായി എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

അഗളി ഇ.എം.എസ്. ഹാളില്‍ കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ഗുണഭോക്താക്കള്‍ക്ക് കറവപ്പശു വിതരണം നടത്തി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ 202021 വര്‍ഷത്തെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 76 ലക്ഷം രൂപ ചിലവില്‍ 106 എസ്.സി/ എസ്.ടി. വനിതാ കര്‍ഷകര്‍ക്കും 20 ജനറല്‍ വനിതകള്‍ക്കുമടക്കം 126 ഗുണഭോക്താക്കള്‍ക്കാണ് ഇടനിലക്കാരില്ലാതെ നേരിട്ട് കറവപശു വിതരണം ചെയ്യുന്നത്. എസ്.ടി വിഭാഗക്കാരായ ക്ഷീര കര്‍ഷകര്‍ക്ക് 100 ശതമാനം സബ്‌സിഡിയോടും എസ്.സി, ജനറല്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടുകൂടിയാണ് കറവപ്പശു വിതരണം.

അഗളി ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ നിര്‍വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ജെ സുജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമതി സുബ്രമണ്യന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജ നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സരസ്വതി, കാളിയമ്മ, പരമേശ്വരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുനീഷ് , മില്‍മ മലബാര്‍ മേഖല ഭരണസമിതി അംഗം എസ്.സനോജ്, അട്ടപ്പാടി ക്ഷീര വികസന ഓഫീസര്‍ പി.എ. അനൂപ്, ഡോ. എസ്. നവീന്‍ എന്നിവര്‍ പങ്കെടുത്തു.