ആനവായ്, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം, അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

പാലക്കാട് :  പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തു പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ  പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ ഷോളയൂരിലും ആനവായിലും ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ ഇരുമ്പുപാലത്തുമാണ് 16 കോടി രൂപ ചെലവഴിച്ച് പ്രീമെട്രിക് ഹോസ്റ്റലുകള്‍  പൂര്‍ത്തിയാക്കിയത്. അട്ടപ്പാടി അഗളിയിലാണ് പുതുതായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മാണം തുടങ്ങാനിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യത്തിന് പുറമെ കലാ കായിക പരിശീലന സൗകര്യങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമാക്കി. 60 ആണ്‍കുട്ടികള്‍ക്കായി ഷോളയൂരിലും 100  ആണ്‍പെണ്‍ വിദ്യാര്‍ഥികള്‍ക്കായി ആനവായിലും ഇരുനിലയുള്ള പ്രീമെട്രിക് ഹോസ്റ്റലുകളാണ് പൂര്‍ത്തിയാക്കിയത്. അഗളിയില്‍ 4.74 കോടി ചെലവില്‍ മൂന്നു നിലയിലാണ് ഹോസ്റ്റല്‍ മന്ദിരം നിര്‍മിക്കാനൊരുങ്ങുന്നത്.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ 7346 കുട്ടികള്‍ക്കായി പുതുതായി ഹോസ്റ്റല്‍ സൗകര്യം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 105 പ്രീമെട്രിക് ഹോസ്റ്റലുകളും ഒന്‍പത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുമാണ് നിലവിലുള്ളത്. ഉടന്‍തന്നെ തിരുവനന്തപുരത്തും   കോഴിക്കോടും  പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്ക മേഖലയിലുള്ളവര്‍ക്ക് മികച്ച സൗകര്യങ്ങളിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ ഒരുക്കി ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന അഞ്ച് ലക്ഷം പ്രീമെട്രിക് വിദ്യാര്‍ഥികള്‍ക്കും രണ്ട് ലക്ഷം പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഹോസ്റ്റല്‍, സ്‌റ്റൈപന്റ് നല്‍കുന്നുണ്ട്. ഗോത്രബന്ധു, ഗോത്രസാരഥി,  സമൂഹ പഠനമുറി തുടങ്ങിയ നിരവധി പദ്ധതികള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വിജയകരമായി നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പിന്നാക്ക വിഭാഗങ്ങളില്‍പെടുന്ന 19000 അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനായി. 1140 പേര്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി ട്രൈബല്‍ പ്ലസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്.

പട്ടികവര്‍ഗ മേഖലയില്‍ കൂടുതലായി 100 തൊഴില്‍ദിനം കൂടെ നല്‍കും. കൃഷി,  ഭക്ഷ്യ സുരക്ഷാ ലക്ഷ്യമിട്ട് മില്ലറ്റ് വില്ലേജ് പദ്ധതിയും പട്ടികവര്‍ഗ മേഖലകളില്‍ നടപ്പാക്കുന്നുണ്ട്. പ്രളയത്തിലൂടെ നഷ്ടപ്പെട്ട മണ്ണും ഭൂപ്രകൃതിയും കോവിഡ് കാലത്ത് തകര്‍ന്നുപോയ സാമ്പത്തിക രംഗവും തിരിച്ചു പിടിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിപാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പരിപാടിയില്‍ അധ്യക്ഷനായി. പ്രാദേശിക പരിപാടിയില്‍ അട്ടപ്പാടി പോസ്‌മെട്രിക് ഹോസ്റ്റല്‍ നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാഫലകം അനാച്ഛാദനം അഡ്വ. എന്‍. ഷംസുദ്ദിന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി പുകഴേന്തി, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, രാജേന്ദ്രന്‍ എം.എല്‍.എ, ഐ.ടി.ഡി.പി ഓഫീസര്‍ വാണിദാസ്, ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.