ലൈഫ് മിഷനില്‍ ആലപ്പുഴയില്‍ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ കൂടി നിര്‍മ്മാണോദ്ഘാടനം 24ന്

post

ആലപ്പുഴ :സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനില്‍ ഒന്നായ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള 101 ഭവന സമുച്ചയങ്ങളില്‍ 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതില്‍ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ ആലപ്പുഴ ജില്ലയിലാണ്.

മണ്ണഞ്ചേരിയിലെ ഭവന സമുച്ചയത്തിന് മന്ത്രി ജി സുധാകരനും പള്ളിപ്പാട് നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തറക്കല്ലിടും. സര്‍ക്കാരിന്റെ 100 ദിനം നൂറ് പദ്ധതികളുടെ  ഭാഗമായാണ് ഈ നിര്‍മ്മാണ ഉദ്ഘാടനം. രാവിലെ 11.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍മ്മാണ ഉദ്ഘാടനം  നിര്‍വ്വഹിക്കുന്ന  ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത  വഹിക്കും.  യോഗത്തില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ 

ചന്ദ്രശേഖരന്‍, ധനമന്ത്രി തോമസ് ഐസക്, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ആരോഗ്യ വനിതാ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ,  ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയര്‍ ആശംസകള്‍ അറിയിക്കും. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം ആശംസിക്കും.

എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലൈഫ്മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പി.ഉദയസിംഹന്‍ ,പ്രോജക്ട് ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ആലപ്പുഴ മണ്ണഞ്ചേരി കണ്ണാട്ടുകടവില്‍  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുന്ന   ഭവന സമുച്ചയത്തിന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകപ്പു മന്ത്രി ജി.സുധാകരന്‍ തറക്കല്ലിടും. 4 നിലകളിലായി 28 ഫ്‌ലാറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം.  445 ചതു. അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഓരോ ഫ്‌ലാറ്റിലും രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്‌സുമി ഹൗസിങ് ലിമിറ്റഡ്  ആണ്. 

സമുച്ചയത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക മുറി,സിക്ക് റൂം,  കോമണ്‍ ഫെസിലിറ്റി റൂം, ക്രീച്ചേ, റെക്രീയേഷന്‍ റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം എന്നിവ ഉണ്ടായിരിക്കും.  ലൈഫ് മിഷനില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 53 വീടുകളും രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 382 വീടുകളില്‍ 350 വീടുകളും ഇതുവരെ  പൂര്‍ത്തീകരിച്ചിട്ടുണ്ട്.  

പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ 4 നിലകളിലായി നിര്‍മിക്കുന്ന 44 ഫ്‌ലാറ്റുകളുടെ തറക്കല്ലിടീല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. 7.10 കോടി രൂപ നിര്‍മാണ ചിലവില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്‌സുമി ഹൗസിങ് ലിമിറ്റഡ്  ആണ്.445 ചതു. അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഓരോ ഫ്‌ലാറ്റിലും രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക.പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ഭവന സമുച്ചയത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക മുറി,സിക്ക് റൂം,  കോമണ്‍ ഫെസിലിറ്റി റൂം, ക്രീച്ചേ, റെക്രീയേഷന്‍ റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം എന്നിവ ഉണ്ടായിരിക്കും. 

ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ഘടകങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇരു ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം.   ആറുമാസമാണ് നിര്‍മ്മാണ കാലാവധി. പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത 55 വീടുകളും രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 66 വീടുകളില്‍ 56 വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.