അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകള്‍ മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

post

ആലപ്പുഴ : ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകള്‍ പൊതുമരാമത്തു - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു.  വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതടക്കമുള്ള റോഡിനു ദോഷകരമായേക്കാവുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ ശാസ്ത്രീയമായ രീതിയില്‍ നൂതന സാങ്കേതിക വിദ്യകളിലൂടെ പരിഹരിച്ചുകൊണ്ടാണ് മണ്ഡലത്തിലെ റോഡുകളെല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. റോഡ് നിര്‍മ്മാണത്തിന് ജനങ്ങളുടെ സഹകരണമാണ് ഏറ്റവും പ്രധാനം. റോഡിനു സ്ഥലം വിട്ടു നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ എല്ലാവരും വിമുഖത വെടിഞ്ഞാല്‍ മാത്രമേ നല്ല റോഡുകളുടെ നിര്‍മ്മാണം സാധ്യമാവുവെന്നും അദ്ദേഹം  പറഞ്ഞു.  

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിച്ച  സി. ആര്‍. എഫ് റോഡുകളാണ് മന്ത്രി നാടിനു സമര്‍പ്പിച്ചത്. വളഞ്ഞവഴി - ഐ. സി. ഡി. എസ് റോഡ് (68 ലക്ഷം ),  ബൈപാസ് - ത്രിവേണി ജങ്ക്ഷന്‍ റോഡ് (97.5 ലക്ഷം ), വലിയകുളം- ബൈപാസ് റോഡ് (72 ലക്ഷം ), ബൈപാസ് - ത്രിവേണി ജങ്ക്ഷന്‍ ലിങ്ക് റോഡ് (13.5 ലക്ഷം ), പഴവീട് - ചുടുകാട് റോഡ് (70.5 ലക്ഷം ),  ഹൗസിങ് കോളനി റോഡ് (34 ലക്ഷം ),  തിരുവമ്പാടി - പഴവീട് റോഡ് (51.5 ലക്ഷം ),  തിരുവമ്പാടി - ബ്രാഞ്ച് 1 റോഡ് (11 ലക്ഷം ),  തിരുവമ്പാടി - ബ്രാഞ്ച് 2 റോഡ് (13.5 ലക്ഷം ),  പഴവീട് ജങ്ക്ഷന്‍ - ഗാന്ധിവിലാസം റോഡ് (66 ലക്ഷം ),  ഗാന്ധിവിലാസം -ദേവിനഗര്‍ റോഡ് (19 ലക്ഷം ),  ഇരവിപറമ്പ് ടെംപിള്‍ ബ്രാഞ്ച് -ഉദയാനഗര്‍ റോഡ് (31 ലക്ഷം ) എന്നീ റോഡുകളാണ് നാടിനു സമര്‍പ്പിച്ചത്.  

അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലുള്ള റോഡുകളുടെ ഉദ്ഘാടന ചടങ്ങുകളില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ജുനൈദ്,  ആലപ്പുഴ നഗരസഭ പരിധിയിലുള്ള ചടങ്ങുകളില്‍  ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജനപ്രതിനിധികള്‍, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍    പങ്കെടുത്തു.