എടവക ഗ്രാമപഞ്ചായത്ത് ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉത്ഘാടനംചെയ്തു

post

 വയനാട് : യുവജനങ്ങള്‍ക്കായി എടവക ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉത്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ വിജയന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ശ്രീ നജുമുദ്ദീന്‍ മൂഡമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി ആമിന അവറാന്‍, ശ്രീ ജില്‍സണ്‍ തൂപ്പുങ്കര, ശ്രീമതി ആഷ മെജൊ എന്നീ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും, വാര്‍ഡ് മെമ്പര്‍ ശ്രീ ജോണ്‍ സി സി , യൂത്ത് കോ-ഓഡിനേറ്റര്‍ സിജൊ, ശ്രീ രാമചന്ദ്രന്‍ ടി വി, ശ്രീ കെ എം ഇബ്രാഹിം, അസി. എഞ്ചിനീയര്‍ ദ്വരസ്വാമി, ഡോ. സുനില്‍ കെ എസ്, കോണ്‍ട്രാക്ടര്‍ മുഹമ്മദ് ആയങ്കി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യുവജനങ്ങള്‍ക്കായി രണ്ട് വര്‍ഷങ്ങളിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. അതിലേക്ക് വേണ്ട വൈദ്യുതി എടുക്കുന്നതിനും, ബാത്ത് റൂം നിര്‍മ്മിക്കുന്നതിനും നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഇതിനോട് ചേര്‍ന്ന് പഞ്ചായത്ത് ഏറ്റെടുത്ത 20 സെന്റ് സ്ഥലത്ത് ഭാവിയില്‍ യുവജനങ്ങള്‍ക്കാവശ്യമായ ഭാവിപദ്ധതികള്‍ ഏറ്റെടുക്കുന്നതിന് സാധിക്കും. കൂടാതെ യുവജനങ്ങള്‍ക്ക് കളിസ്ഥലം വാങ്ങിക്കുന്നതിന് 10 ലക്ഷം രൂപ നടപ്പ് വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയതായും ഇതിന്റെ പ്രാരംഭ നടപടി ക്രമങ്ങള്‍ നടന്നു വരുന്നതായും ചടങ്ങില്‍ പ്രസിഡണ്ട് ശ്രീമതി ഉഷ വിജയന്‍ അറിയിച്ചു.