പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി: ജില്ലയില്‍ 9.8 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും

post

മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ ലക്ഷ്യം : മന്ത്രി ജി സുധാകരന്‍ 

ആലപ്പുഴ : മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ  സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യ വകുപ്പ് കൂടുതല്‍ മികവുറ്റ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നു. പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പഴവീട്  ക്ഷേത്ര കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു മന്ത്രി. കടല്‍- കായല്‍ മത്സ്യ ബന്ധന മേഖല കൂടുതല്‍ ശക്തിപ്പെട്ടു. തൊഴിലാളികള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഇതിനുള്ളില്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സാധാരണക്കാരുടെ അവശ്യ ഭക്ഷണമാണ് മത്സ്യം. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയായ പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി പ്രകാരം ജില്ലയില്‍ 1197.6844 ഹെക്ടര്‍ സ്ഥലത്തെ പൊതു കുളങ്ങളിലായി 9.88420 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി പഴവീട് ക്ഷേത്രക്കുളത്തില്‍ 2000 കാര്‍പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പ് ഉപഡയറക്ടര്‍ രമേശ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനുരാജ്, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ സീമ, അഗ്രിക്കള്‍ചര്‍ പ്രൊമോട്ടര്‍ ഷീനമോള്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.