സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ & ഗൃഹോപകരണ വില്‍പ്പനശാല നാടിന് സമര്‍പ്പിച്ചു

post

 മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ : സപ്ലൈകോയുടെ ചേര്‍ത്തലയിലെ നവീകരിച്ച പീപ്പിള്‍സ് ബസാര്‍ & ഗൃഹോപകരണ വില്‍പ്പനശാല ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നാടിന് സമര്‍പ്പിച്ചു.  കമ്പോളത്തിലെ വിലക്കയറ്റം ഉള്‍പ്പെടെയുള്ളവ തടയാന്‍ സംസ്ഥാനവ്യാപകമായി പൊതുവിതരണ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്തെ വിലക്കയറ്റം തടയാനും സാധനങ്ങള്‍ക്ക് വലിയ വില അടിച്ചേല്പിക്കാതിരിക്കാനുമുള്ള വിപണി ഇടപെടലും സര്‍ക്കാര്‍ നടത്തി വരികയാണ്. 

സാധനങ്ങളുടെ അമിത വില നിയന്ത്രിക്കാന്‍ ആവശ്യമുള്ള നടപടികള്‍ അധികാരത്തിലേറിയതു മുതല്‍ സര്‍ക്കാര്‍ ഫലപ്രദമായി നടത്തി വരികയാണ്.  വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വലിയ ബാധ്യത ഏറ്റെടുത്തു കൊണ്ടു വിപണി ഇടപെടല്‍  നടത്തി വരികയാണ് സംസ്ഥാന സര്‍ക്കാര്‍.  അതിന് ഒരു തടസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുക എന്നതാണ് സപ്ലൈകോ അതിന്റെ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ജനങ്ങള്‍ക്ക് സുഭിക്ഷമായി കഴിയാനുള്ള ഗുണമേന്മയുള്ള അരിയും ലോക്ക്ഡൗണ്‍ കാലയളവില്‍ 86 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കിയതും. ഈ പ്രതിസന്ധിയുടെ കാലത്ത് ഓണമാഘോഷിക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 സംസ്ഥാനത്തെ എല്ലാ മേഖലയിലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെകുറിച്ചു ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങളെ വില കുറച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ എ എം ആരിഫ് എം പി ആദ്യ വില്‍പ്പന നടത്തി. മന്ത്രി പി തിലോത്തമന്റെ നിര്‍ദ്ദേശപ്രകാരമാണ് സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരിച്ച് ഗൃഹോപകരണ വില്‍പ്പനശാലയായി ഉയര്‍ത്തിയത്.  നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി  നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനോതോടൊപ്പം കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ ഔട്ട്‌ലെററ്റ്  ഗൃഹോപകരണ സാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും പീപ്പിള്‍സ് ബസാര്‍ ആയി നവീകരിച്ചത്.  ബജാജ് ഇലക്ട്രിക്കല്‍സ്, ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ്, ഹോക്കിന്‍സ് പ്രസ്റ്റീജ്, നോള്‍ട്ട, എല്‍ജി, ഗോദറേജ് എന്നീ പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍  കുറഞ്ഞ നിരക്കില്‍ സപ്ലൈകോ ഔട്‌ലെറ്റില്‍ ലഭ്യമാണ്. ചേര്‍ത്തല പടിഞ്ഞാറെ കനാല്‍ റോഡിന് സമീപമുള്ള വി ജി നാരായണഭട്ടിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ചടങ്ങില്‍ ചേര്‍ത്തല നഗരസഭ അധ്യക്ഷന്‍ വി ടി ജോസഫ് അധ്യക്ഷത വഹിച്ചു . നഗരസഭ പ്രതിപക്ഷ നേതാവ് എന്‍ ആര്‍ ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ വി എ സുരേഷ് കുമാര്‍, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ മിനി എന്‍ തുടങ്ങിയവര്‍   പങ്കെടുത്തു.