ജില്ലയ്ക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കും: മന്ത്രി ജി. സുധാകരന്‍

post

ആറ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു 

വയനാട്: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ ആറ് റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലം, പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാടിലൂന്നി പരമാവധി സാമൂഹിക പ്രതിബദ്ധതയോട് കൂടിയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നിര്‍മ്മാണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ, മാനന്തവാടി നിയജോകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂടോത്തുമ്മല്‍ - മേച്ചേരി - പനമരം റോഡിന്റെ ഉദ്ഘാടനവും കരിങ്കുറ്റി - പാലൂക്കര - മണിയങ്കോട് - കല്‍പ്പറ്റ റോഡ്, ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വടുവന്‍ചാല്‍ - കൊളഗപ്പാറ റോഡിന്റെ ഉദ്ഘാടനവും മീനങ്ങാടി - കുമ്പളേരി - അമ്പലവയല്‍ റോഡ്, സുല്‍ത്താന്‍ ബത്തേരി - നൂല്‍പ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

കൂടോത്തുമ്മല്‍ - മേച്ചേരി - പനമരം റോഡിന്റെ നവീകരണം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ മുടക്കിലാണ് പൂര്‍ത്തിയാക്കിയത്. 5.100 കിലോ മീറ്ററാണ് റോഡിന്റെ നീളം. പ്രവൃത്തിയുടെ ഭാഗമായി 16 കലുങ്കുകളുടെ നിര്‍മ്മാണവും, 1,200 മീറ്റര്‍ ഡ്രെയിനേജും, 3,700 മീറ്റര്‍ സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്. കരിങ്കുറ്റി - പാലൂക്കര - മണിയങ്കോട് - കല്‍പ്പറ്റ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. 7.400 കിലോ മീറ്ററാണ് റോഡിന്റെ ആകെ നീളം. ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്കായി 675 ലക്ഷം രൂപയാണ് അനുവദിച്ചത്.

വടുവന്‍ചാല്‍ - കൊളഗപ്പാറ റോഡിന്റെ നിര്‍മ്മാണം അഞ്ച് കോടി രൂപ മുടക്കിലാണ് പൂര്‍ത്തിയാക്കിയത്. ആവശ്യമായ ഡ്രെയിനേജുകള്‍, കലുങ്കുകള്‍, റോഡ് സുരക്ഷാ പ്രവൃത്തികളടക്കം പൂര്‍ത്തീകരിച്ചു. മീനങ്ങാടി - കുമ്പളേരി - അമ്പലവയല്‍ റോഡിന്റെ - നവീകരണ പ്രവൃത്തികള്‍ക്കായി 7 കോടി രൂപയാണ് അനുവദിച്ചത്. നിലവില്‍ 5.50 മീറ്റര്‍ സാധാരണ ടാറിംഗ് ഉള്ള റോഡ് കയറ്റങ്ങള്‍ കുറച്ച് 5.50 മീറ്റര്‍ വീതിയില്‍ ബി.എം ആന്റ് ബി.സി. മെക്കാഡം ടാറിംഗ് രീതിയിലാണ് വികസിപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി  നൂല്‍പ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തിയ്ക്കായി 9.70 കോടി രൂപയാണ് അനുവദിച്ചത്. പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ കലുങ്കുകള്‍, നാല് കലുങ്കുകളുടെ വീതി കൂട്ടല്‍, ഡ്രെയിനേജ് നിര്‍മ്മാണം, ഇന്റര്‍ലോക്കിംഗ് നടപ്പാത തുടങ്ങിയവയും നടത്തും.

നടവയല്‍ കെ.ജെ.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന കല്‍പ്പറ്റ മണ്ഡലത്തിലെ  ഉദ്ഘാന ചടങ്ങില്‍ സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഒ. ആര്‍. കേളു എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. എം. തങ്കച്ചന്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മേരി ഐമനച്ചിറ, ഷീല രാമദാസ്, ടി. കെ. സരിത, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ടി. ഷാബു, നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന ബത്തേരി മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങില്‍ ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ലത ശശി, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. എല്‍. സാബു, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.