68-ാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്
ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് പ്രാധാന്യം നൽകി 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. ഒളിമ്പിക്സ് മാതൃകയിൽ ഏഴുദിവസം നീളുന്ന കായികമാമാങ്കത്തിന് ചാത്തമംഗലത്തെ എൻ.ഐ.ടി. കാലിക്കറ്റ് സ്റ്റേഡിയം പ്രധാന വേദിയാകും. പതിവ് കായികമത്സരങ്ങൾക്കൊപ്പം ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളും ഗൾഫ് മേഖലയിലെ കായികപ്രതിഭകളുടെ പങ്കാളിത്തവും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയായ സംസ്ഥാന സ്കൂള് കായിക മേളയുടെ ഭാഗ്യ ചിഹ്നം 'കുട്ടു' എന്ന ആനക്കുട്ടിയാണ്. കായികതാരങ്ങൾ, ടീം മാനേജർമാർ, പരിശീലകർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരടക്കം 15,000ത്തിലധികം പേർ മേളയുടെ ഭാഗമാകും.
വിദ്യാർഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുക, കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, എല്ലാ കുട്ടികൾക്കും തുല്യമായ കായികാവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങൾ. ലഹരിവസ്തുക്കളുടെ ആരോഗ്യ-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും കായികമേള വേദിയാകും. കായികപ്രവർത്തനങ്ങളിലൂടെ അച്ചടക്കം, ആത്മവിശ്വാസം, കൂട്ടായ്മ, കായികക്ഷമത എന്നിവ വളർത്തി വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്താൻ സാധിക്കും. കായികമികവിന് പ്രാധാന്യം നൽകുന്നതിനൊപ്പം ലഹരിമുക്ത ജീവിതത്തിന്റെ സന്ദേശം യുവതലമുറയിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ലഹരിമുക്ത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും മേള സഹായകമാകും.പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
പത്ത് വേദികളിലായി മത്സരങ്ങൾ
കോഴിക്കോട് ജില്ലയിലെ പത്ത് വേദികളിലായാണ് വിവിധ കായിക ഇനങ്ങളിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാന ഇനമായ അത്ലറ്റിക്സ് ഒക്ടോബർ 27 മുതൽ 31 വരെ എൻ.ഐ.ടി. ക്യാമ്പസിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ അത്ലറ്റിക്സ് മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഒക്ടോബർ 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും എൻ.ഐ.ടി.യിൽ നടക്കും.
ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരം ചെവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരം സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും സംഘടിപ്പിക്കും. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടത്തും. യോഗ മത്സരങ്ങൾക്ക് ചാത്തമംഗലം ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾക്ക് പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളും വേദിയാകും.
ഇൻക്ലൂസീവ് സ്പോർട്സിന് പ്രത്യേക പരിഗണന
ഭിന്നശേഷി വിദ്യാർത്ഥികളുടെ കായികപങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം താരങ്ങൾ പങ്കെടുക്കും. സ്വന്തം കായികശേഷി പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ മത്സരങ്ങളിൽ പങ്കെടുക്കാനും ഇവർക്ക് തുല്യമായ അവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന കായികസംസ്കാരവും സമത്വവും പ്രോത്സാഹിപ്പിക്കുന്ന ഈ മത്സരങ്ങൾ മേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.
50ലധികം സ്കൂളുകളിൽ താമസസൗകര്യം; 750 ക്ലാസ് മുറികൾ സജ്ജം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കുന്നതിനായി 50ലധികം സ്കൂളുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 750 ക്ലാസ് മുറികൾ സജ്ജീകരിച്ചു.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന കായികതാരങ്ങളെ മത്സരവേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എത്തിക്കുന്നതിന് 'ഒളിമ്പിക്സ് എക്സ്പ്രസ്' എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളെ ഏകോപിപ്പിച്ചാണ് താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നത്.
താമസകേന്ദ്രങ്ങളിൽ ശുചിത്വം, കുടിവെള്ളം, സുരക്ഷ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആയിരക്കണക്കിന് കായികതാരങ്ങൾക്ക് സൗകര്യപ്രദമായ താമസവും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
17 സബ് കമ്മിറ്റികൾ; വിപുലമായ സംഘാടനം
മേളയുടെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി 620 ഒഫീഷ്യൽസ്, 140 സെലക്ടർമാർ, 100 ടെക്നിക്കൽ ഒഫീഷ്യൽസ് എന്നിവരുടെ സേവനം ലഭ്യമാക്കും. മത്സരവേദികളുടെ സജ്ജീകരണം, ഗതാഗതം, ഭക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം, താമസം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക സംഘടനകൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ ഏകോപനത്തോടെയാണ് മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ജെൻസി കുതിപ്പ് ക്ലിക്ക് & നോ ഗൈഡ്
കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ കമ്മിറ്റി ‘ജെൻസി കുതിപ്പ് 2026 – ക്ലിക്ക് & നോ ഗൈഡ്’ പുറത്തിറക്കി. കായികമേളയുടെ വേദികൾ, വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, അനുബന്ധ വിവരങ്ങൾ എന്നിവ എളുപ്പത്തിൽ അറിയാൻ സഹായിക്കുന്ന രീതിയിലാണ് സപ്ലിമെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേരിനെ അന്വർഥമാക്കുന്ന വിധത്തിൽ ഒരു ക്ലിക്കിലൂടെ ആവശ്യമായ വിവരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന സമഗ്ര വിവരസഹായിയായി ‘ക്ലിക്ക് & നോ’ ഗൈഡ് മാറും.
ഉദ്ഘാടനവും സമാപനവും എൻ.ഐ.ടി. സ്റ്റേഡിയത്തിൽ
ഒക്ടോബർ 25ന് വൈകിട്ട് നാലിന് എൻ.ഐ.ടി. സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നാലായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും.
ഒക്ടോബർ 31ന് വൈകിട്ട് നാലിന് ഇതേ വേദിയിൽ സമാപനസമ്മേളനം നടക്കും. വിവിധ കായിക ഇനങ്ങളിൽ വിജയികളാകുന്ന താരങ്ങൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്യും.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണം, തുല്യാവസരങ്ങൾ, ഭിന്നശേഷി വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന മേള സംസ്ഥാനത്തെ വിദ്യാർത്ഥി കായികതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള പ്രധാന വേദിയാകും.








