സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

post

പകർച്ചവ്യാധിവ്യാപനവും അതുമൂലമുള്ള മരണങ്ങളും തടയുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഏകോപിത പ്രവർത്തനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും കലണ്ടർ പ്രസിദ്ധീകരിക്കും. വിവിധ പകർച്ചവ്യാധികളുടെ വ്യാപനസാധ്യതയും കാലാനുസൃതമായ പ്രവണതകളും മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


ഓരോ മാസവും കേരളത്തിൽ പ്രസക്തമായ പകർച്ചവ്യാധികൾ, അവയുടെ പ്രധാന ലക്ഷണങ്ങൾ, രോഗം പകരുന്ന രീതികൾ, വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടുന്ന ശീലം പ്രോത്സാഹിപ്പിക്കാനും സാധിക്കും.


ആരോഗ്യവകുപ്പ് നിയമിച്ച ഹൈപവർ ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ആരോഗ്യവിദഗ്ധരാണ്‌ കലണ്ടർ തയ്യാറാക്കിയത്. നിലവിൽ ലഭ്യമായ വിവരങ്ങളാണ് കലണ്ടറിന്റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ആരോഗ്യവകുപ്പ് കലണ്ടർ പുതുക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ഹൈപവർ കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് ലാൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.