മണ്ഡല കാലത്ത് 461 ബസുകൾ; വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി

post

2026-27 വർഷത്തെ ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിലേക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്. കുറ്റമറ്റ രീതിയിലുള്ള സർവീസ് ഓപ്പറേഷൻ ഉറപ്പാക്കുന്നതിനും തീർത്ഥാടകർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

461 ബസുകൾ മണ്ഡലകാലത്ത്; മകരവിളക്കിന് 561 ബസുകൾ

പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. മണ്ഡലപൂജാ ഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 561 ബസുകളുമാണ് ആദ്യഘട്ട ക്രമീകരണത്തിലുള്ളത്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും കെഎസ്ആർടിസി സജ്ജമാണ്. കൂടാതെ ലീസ് വ്യവസ്ഥയിൽ ബസ്സുകൾ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യൽ സർവീസുകൾ ക്രമീകരിക്കും.

മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.


678 ജീവനക്കാർ ആദ്യഘട്ടത്തിൽ; 778 പേർ രണ്ടാംഘട്ടത്തിൽ

പ്രത്യേക സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ടു ഘട്ടമായി വിന്യസിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും നിയോഗിക്കുന്നതിനായാണ് ക്രമീകരിച്ചിട്ടുള്ളത്.

ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫീസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് വിന്യസിക്കുന്നത്. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും നിയോഗിക്കും. സർവീസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും നൽകിവരുകയാണ്. മെക്കാനിക്കൽ ജീവനക്കാർക്ക് വിവിധ വാഹന കമ്പനികളുടേതുൾപ്പെടെയുള്ള പരിശീലനങ്ങളും നൽകിക്കഴിഞ്ഞു.


ബജറ്റ് ടൂറിസം സെൽ മുഖേന ചാർട്ടേഡ് സർവീസുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ശബരിമല തീർത്ഥാടനത്തിനായി ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതിനും ആയതിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നതിനും തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി വരികയാണ്. ഇതിനായി തെരെഞ്ഞെടുക്കപ്പെട്ട എഴുപതിൽപ്പരം ക്ഷേത്രങ്ങളുടെ വിവരം വൈകാതെ കെഎസ്ആർടിസി പ്രസിദ്ധീകരിക്കുന്നതാണ്. 

ജനപ്രതിനിധികളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ച് പുതിയ സർവീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.


അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും

പമ്പയിലും നിലയ്ക്കലിലും സർവീസുകൾ സുഗമമായി നടത്തുന്നതിനായി ബസ് പാർക്കിങ്, ഗാരേജ് സൗകര്യങ്ങൾ, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിലയ്ക്കലിൽ ബസുകൾക്ക് ആവശ്യമായ പാർക്കിങ് സ്ഥലം ഉറപ്പാക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, ബസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുക, ത്രിവേണിയിൽ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങൾക്കും കെഎസ്ആർടിസി അതീവ പ്രാധാന്യം നൽകി നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യാനുസരണം ബസുകൾ സമയബന്ധിതമായി വിന്യസിക്കുന്നതിനും പമ്പ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും തീർത്ഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പമ്പയിലും നിലയ്ക്കലിലും കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലയ്ക്കൽ–പമ്പ റൂട്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സർവീസുകളെ ബാധിക്കുന്ന അനധികൃത സമാന്തര സർവീസുകളും പാർക്കിങ്ങും നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.


പരാതിരഹിത സേവനം ഉറപ്പാക്കും

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ആവശ്യാനുസരണം അധിക സർവീസുകൾ ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്താൻ കെഎസ്ആർടിസി പൂർണ്ണ സജ്ജമായി കഴിഞ്ഞു.