ജില്ലയില്‍ 4480 പേര്‍ നവ സാക്ഷരരായി

post

ആലപ്പുഴ : കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 4480 പേര്‍ സാക്ഷരത നേടിയതായി സാക്ഷരതാമിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2574 സ്ത്രീകളും 1906 പുരുഷന്മാരും ഇതില്‍പ്പെടും. 14 പട്ടികജാതി കോളനികളില്‍ നിന്നുമായി 265 പേര്‍ സാക്ഷരരായിട്ടുണ്ട്. നവചേതന എന്ന പേരില്‍ ജില്ലയിലെ 16 പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് സാക്ഷരതാമിഷന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ട്.

തീരദേശത്തെ ജനങ്ങളെ സാക്ഷരരാക്കുന്നതിന് നടപ്പിലാക്കിയ അക്ഷര സാഗരം പദ്ധതി വഴി 938 പേര്‍ സാക്ഷരരായി. 9 തീരദേശ പഞ്ചായത്തുകളിലെ 45 വാര്‍ഡുകളിലാണ് പദ്ധതി നടത്തിയത്.
കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍.സിംല, പി.കെ.ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാലുവര്‍ഷത്തിനുള്ളില്‍ 3316 പേര്‍ പത്താംതരം തുല്യതയും 4909 പേര്‍ ഹയര്‍ സെക്കണ്ടറി തുല്യതയും വിജയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാംതരം തുല്യത 195 പേരും ഏഴാംതരം തുല്യത 480 പേരും വിജയിച്ചു. 
ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്ന ചങ്ങാതി പദ്ധതി രണ്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കി. മണ്ണഞ്ചേരിയില്‍ 119 പേരും പാണാവള്ളിയില്‍ 113 പേരും ഈ പദ്ധതിവഴി മലയാളം പഠിച്ചു.
സാക്ഷരതാ മിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ് 133 പേരും പച്ചമലയാളം 90 പേരും പാസായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിസ്ഥിതിസാക്ഷരത, ഭരണഘടനാ സാക്ഷരത തുടങ്ങി സാമൂഹ്യ സാക്ഷരതാ പരിപാടികളും സാക്ഷരതാമിഷന്‍ ഏറ്റെടുത്തിരുന്നു. ഇതുവഴി നിരവധി പേര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ലളിതമായി മനസിലാക്കുന്നതിന് കഴിഞ്ഞു. ഭരണഘടനാ സാക്ഷരതാപുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരാരേഖസര്‍വേ, സിനിമാക്കൊട്ടക, പ്രളയാനന്തര സര്‍വ്വേ എന്നിവയും സാക്ഷരതാ മിഷന്‍ നടത്തിയിരുന്നു. നവോത്ഥാന കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ എന്ന ചിത്രപ്രദര്‍ശനവും പ്രഭാഷണങ്ങളും നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
പ്രളയാനന്തരം കുട്ടനാട്ടിലെ വീടുകള്‍ വൃത്തിയാക്കുന്നതിന് സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ 14 ജില്ലയില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
തുല്യതാ പഠിതാക്കള്‍ക്കായി രണ്ട് തവണ ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവങ്ങള്‍ നടത്തി. 2017 ല്‍ പട്ടണക്കാടും 2018 ല്‍ ആര്യാടുമാണ് കലോത്സവങ്ങള്‍ നടത്തിയത്.
കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന സമ പദ്ധതി പ്രകാരം 186 പേര്‍ പത്താം ക്ലാസിലും 229 പേര്‍ ഹയര്‍ സെക്കണ്ടറിയിലും ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഫീസ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് നല്‍കുന്നത്.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവ സാക്ഷരര്‍ക്കുള്ള പുസ്തകശാല ആരംഭിക്കുന്നതിന് രണ്ടായിരം പുസ്തകങ്ങള്‍ വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാക്ഷരതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും നാരീശക്തി പുരസ്‌കാരം ലഭിച്ചതും ഈ കാലയളവിലാണ്.