കയര്‍ മേഖലയിലെ യന്ത്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത് 40, 000 ടണ്‍ കയര്‍ ഉല്‍പ്പാദനം

post

ആലപ്പുഴ : കയര്‍ മേഖലയിലെ യന്ത്രവല്‍കൃത ഉല്‍പ്പാദനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 40, 000 ടണ്‍ കയറിന്റെ ഉല്‍പ്പാദനമെന്നു ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ : ടി. എം തോമസ് ഐസക്. 40, 000 ടണ്‍ കയര്‍ ഉത്പാദനം എന്നതിലേക്ക് എത്തിക്കുക എന്നുള്ളത് വളരെ വലിയ ഒരു യജ്ഞം തന്നെയാണ്. എന്നാല്‍ അത് യഥാര്‍ഥ്യമാക്കിയാല്‍ കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലും വലിയ രീതിയിലുള്ള പുരോഗതിയാകും സംസ്ഥാനത്തിന് കൈവരിക്കാനാകുക എന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ പാവപ്പെട്ട കയര്‍ തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട വരുമാനം നേടാനാകും. നിലവില്‍ സംസ്ഥാനത്തെ 100 കയര്‍ സംഘങ്ങള്‍ക്ക് 1000 ആധുനിക മെഷീനുകളാണ് ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനുവദിക്കുന്നത്. ഇതിലൂടെ 1000 ടണ്‍ കയര്‍ ഉദ്പാദനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇത്തരത്തില്‍ വീണ്ടും 100 മെഷീനുകള്‍ കൂടി നല്‍കിക്കൊണ്ട് ഉദ് പാദനം വീണ്ടും വര്‍ദ്ധിപ്പിക്കും. കയര്‍ ഉത്പാദനത്തില്‍ എന്നപോലെ തന്നെ പരമ്പരാഗത കയര്‍ ഉത്പന്നങ്ങളുടെ കമ്പോളം കണ്ടെത്തുന്നതിലും കയര്‍ സംഘങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കയര്‍ സംഘങ്ങള്‍ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ നല്‍കുന്ന ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേര്‍ത്തല വടക്കുംമുറി 659 ആം നമ്പര്‍ കയര്‍ സംഘത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് കയര്‍ മേഖലയിലെ രണ്ടാം പുന : സംഘടന പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഭക്ഷ്യ - സിവില്‍ സപ്പ്‌ളൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കയര്‍ മേഖലയെ അന്താരാഷ്ട്ര തലത്തിലെ ഗുണമേന്മയിലേക്ക് എത്തിക്കാന്‍ ഈ പദ്ധതി വഴി നടപ്പാക്കുന്ന ആധുനിക വല്‍ക്കരണത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത തൊഴിലാളികള്‍ വഴി ഒരു ദിവസം 10 കിലോ കയര്‍ പിരിച്ചിരുന്ന സ്ഥാനത്തു ദിവസേന 50 മുതല്‍ 60 വരെ കിലോ കയര്‍ പിരിക്കാന്‍ സംഘങ്ങള്‍ക്ക് അനുവദിച്ച ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനിലൂടെ സാധ്യമാവും. ചേര്‍ത്തല വടക്കുംമുറിയിലെ സംഘത്തിന് പുറമെ നെടുമ്പ്രക്കാട്, ചെങ്ങണ്ട എന്നിവടങ്ങളിലെ രണ്ട് കയര്‍ സംഘങ്ങള്‍ക്കും ആധുനിക കയര്‍ പിരി മെഷീന്‍ നല്‍കിയിട്ടുണ്ട്. അഡ്വ : എ. എം ആരിഫ് എം. പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കെ. എസ്.കെ.എം. എം. സി ചെയര്‍മാന്‍ പി. പ്രസാദ്, സംഘം പ്രസിഡന്റ് പി. സി കുഞ്ഞച്ചന്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ കെ. ഇന്ദിര, കയര്‍ ഇന്‍സ്പെക്ടര്‍ കലമോള്‍ എന്നിവര്‍ സംസാരിച്ചു.