അമ്പലപ്പുഴ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

post

ആലപ്പുഴ : അമ്പലപ്പുഴ തോടിന്റെ പൂകൈതയാറുമുതല്‍ കരുമാടി ടി എസ് കനാല്‍ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി മലിനമായി കിടന്ന പ്രദേശമാണ് ഇന്ന് വിവിധ പദ്ധതികളിലൂടെ നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ തോടുകള്‍ നവീകരിക്കാനായി കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അമ്പലപ്പുഴയുടെ  ദീര്‍ഘകാലത്തെ പ്രശ്‌നമായ കാപ്പിത്തോട് നവീകരണം കിഫ്ബി ഫണ്ടില്‍പ്പെടുത്തി 21 കോടി രൂപ മുടക്കിലാണ് ചെയ്യാന്‍ പോകുന്നത്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നു വരികയാണ്. ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്തിയുമുള്ള നവീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി പോള നിറഞ്ഞു എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെട്ടു കിടന്ന അമ്പലപ്പുഴ തോടിന്റെ നവീകരണം ജലപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന അനുബന്ധ കനാലുകളുടെ നവീകരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 171 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ചെയ്യുന്നത്. മേജര്‍ ഇറിഗേഷന്‍ ആലപ്പുഴ ഡിവിഷന്‍ മുഖാന്തിരം മൂന്ന് ഘട്ടങ്ങളായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 64.2 ലക്ഷം രൂപ മുടക്കില്‍ അമ്പലപ്പുഴ തോടിനെ ക്ഷേത്രത്തിന്റെ കിഴക്കേനട മുതല്‍ പൂക്കൈത ആറുവരെയുള്ള1.50 കി മീ നീളത്തില്‍ പോളയും എക്കലും മണ്ണും നീക്കി സംരക്ഷണഭിത്തി ബലപ്പെടുത്തി  നീരൊഴുക്ക് സുഗമമാക്കും. രണ്ടാം ഘട്ടത്തില്‍ 96 ലക്ഷം രൂപ മുടക്കില്‍  അമ്പലപ്പുഴ ക്ഷേത്രത്തിലെ കിഴക്കേനട മുതല്‍ കരുമാടി ടി എസ് കനാല്‍ വരെയുള്ള 2.60 കി മീ  ഭാഗം സംരക്ഷണഭിത്തി ബലപ്പെടുത്തി പോളയും  എക്കലും ചെളിയും നീക്കം ചെയ്യും. മൂന്നാം ഘട്ടത്തില്‍ 10.80 ലക്ഷം രൂപ മുടക്കി  അമ്പലപ്പുഴ തോടിന്റെ പഴയ ബോട്ട് ജെട്ടി ഉള്‍പ്പെടുന്ന ഭാഗത്ത് ആഴം കുട്ടി സംരക്ഷണ ഭിത്തിയും കടവും നിര്‍മ്മിക്കും.

 അമ്പലപ്പുഴ തോടിന്റെ  നവീകരണ പ്രവൃത്തികള്‍ നടപ്പിലാകുന്നതോടെ സമീപത്തുള്ള വീടുകളിലെയും റോഡുകളുടേയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ചടങ്ങില്‍ ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സി സജീവ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എസ് ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായി.