മലമ്പുഴയില്‍ രണ്ട് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി

post

പാലക്കാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി മലമ്പുഴ വനിതാ ഹോസ്റ്റല്‍,  നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി. മലമ്പുഴ വനിതാ ഹോസ്റ്റലില്‍  50 ആളുകള്‍ക്കും നവോദയ വിദ്യാലയത്തില്‍ 340 പേര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലമ്പുഴ പഞ്ചായത്തില്‍ രോഗികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഫസ്റ്റ്‌ലൈന്‍  ട്രീറ്റ്‌മെന്റ് സെന്ററുകള്‍  ക്രമീകരിച്ചത്.

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ അഞ്ച് പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരും രോഗ വിമുക്തരായി വീടുകളില്‍ തിരിച്ചെത്തി. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 48 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ അഞ്ചു പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍  ക്വാറന്റൈനിലും   ബാക്കി 43 പേര്‍ ഹോം ക്വാറന്റൈനിലുമാണ് കഴിയുന്നത്. 424 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വാര്‍ഡ് തല നിരീക്ഷണ സമിതികളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍,  ആരോഗ്യ പ്രവര്‍ത്തകര്‍,  ആശാ പ്രവര്‍ത്തകര്‍,  ജനമൈത്രി പൊലീസ്, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് കൃത്യമായി  ഭവന സന്ദര്‍ശനം നടത്തി ഹോം ക്വാറന്റൈന്‍,   റിവേഴ്‌സ് ക്വാറന്റൈന്‍   ഉറപ്പാക്കുന്നുണ്ട്. വാട്‌സാപ്പ് വഴി  നിര്‍ദ്ദേശങ്ങളടങ്ങിയ സമ്മതപത്രം അയച്ചു നല്‍കുന്നുണ്ട്. പ്രായമായവര്‍,  ഗുരുതര  രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പാലിയേറ്റീവ് കെയര്‍ വഴി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

സമ്പര്‍ക്കം വഴിയുള്ള രോഗബാധ തടയുന്നതിന്റെ  ഭാഗമായി വിദേശത്തുനിന്ന് എത്തിയവര്‍, അന്തര്‍സംസ്ഥാന യാത്ര നടത്തുന്നവര്‍, അതിഥി തൊഴിലാളികള്‍, ആശുപത്രികളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവും സാമൂഹിക അകലം പാലിക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍,  ബാങ്കുകള്‍,  റേഷന്‍ കടകള്‍,  മത്സ്യ വിപണന കേന്ദ്രം  എന്നിവിടങ്ങളില്‍ ശാരീരിക അകലം പാലിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍,  ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,  ഒരു പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,  അഞ്ചു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍,  11 ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.