കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങി; തിരുവല്ലയില്‍ 23 ഉം റാന്നിയില്‍ ഒരു ക്യാമ്പും

post

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരില്‍ കോന്നി, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ മുഴുവന്‍പേരും വീടുകളിലേക്കു മടങ്ങി. തിരുവല്ല, റാന്നി താലൂക്കുകളിലെ 24 ദുരിതാശ്വാസ ക്യാമ്പുകളില്‍ 435കുടുംബങ്ങളിലെ 1322 പേരാണ് കഴിയുന്നത്. ഇതില്‍ 540 പുരുഷന്‍മാരും 568 സ്ത്രീകളും 214 കുട്ടികളും ഉള്‍പ്പെടുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 60 വയസിനു മുകളിലുള്ള 41 പേരും ഉള്‍പ്പെടും.

 ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളതു തിരുവല്ല താലൂക്കിലാണ്. ഇവിടെ 23 ക്യാമ്പുകളിലായി 421 കുടുംബങ്ങളിലെ 1282 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 525 പുരുഷന്‍മാരും 552 സ്ത്രീകളും 205 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലെ ക്യാമ്പുകളില്‍ 60 വയസിനു മുകളിലുള്ള 39 പേരാണു കഴിയുന്നത്.

റാന്നി താലൂക്കില്‍ ഒരു ക്യാമ്പില്‍ 14 കുടുംബങ്ങളില്‍ നിന്നായി 40 പേരാണു കഴിയുന്നത്. ഇതില്‍ 15 പുരുഷന്‍മാരും 16 സ്ത്രീകളും ഒന്‍പത് കുട്ടികളും ഉള്‍പ്പെടുന്നു. ഇവിടെ 60 വയസിനു മുകളിലുള്ള രണ്ടു പേരുമുണ്ട്.