കാലവര്‍ഷ മുന്നൊരുക്കം: പത്തനംതിട്ടയിൽ ഐ.ഡി.ആര്‍.എന്‍ വിവരശേഖരണ പരിശീലന ശില്‍പശാല

post

കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്തനിവാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് പത്തനംതിട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ  നേതൃത്വത്തില്‍ ഇന്ത്യ ഡിസാസ്റ്റര്‍ റിസോഴ്‌സ് നെറ്റ്വര്‍ക്ക് (ഐഡിആര്‍എന്‍) പോര്‍ട്ടല്‍ വിവരം പുതുക്കുന്നതിന് പ്രത്യേക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടന്നത്.

കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ജില്ലയിലെ അടിയന്തര രക്ഷാപ്രവര്‍ത്തന സാമഗ്രികളുടെയും വിഭവങ്ങളുടെയും കൃത്യമായ വിവരം മുന്‍കൂട്ടി പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നത് ഉറപ്പാക്കാനാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ല ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി.സി. സേനന്‍, ജില്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇട്ടിക്കുള എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. യഥാസമയമുള്ള വിവരശേഖരണം, വിഭവങ്ങളുടെ മാപ്പിംഗ്, ഐ.ഡി.ആര്‍.എന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ തെറ്റുകൂടാതെ രേഖപ്പെടുത്തല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.