ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

post

ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള 'ടി.ബി മുക്ത ഭാരത് - ക്ഷയരോഗമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.


തുടർച്ചയായി രണ്ടുവർഷം ക്ഷയരോഗമുക്ത പദവി നിലനിർത്തിയ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വെള്ളി പുരസ്‌കാരത്തിന് അർഹരായി. ഏനാദിമംഗലം, കടമ്പനാട്, കോന്നി, നെടുപ്രം, ഇരവിപേരൂർ, നിരണം, മൈലപ്ര എന്നീ ഗ്രാമപഞ്ചായത്തുകൾ വെങ്കല പുരസ്‌കാരവും ഏറ്റുവാങ്ങി.


ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ് മുഖ്യപ്രഭാഷണം നടത്തുകയും, ജില്ലാ ടി.ബി. ഓഫീസർ ഡോ. രാധിക എസ്. ഗോപൻ വിഷയാവതരണം നടത്തുകയും ചെയ്തു. പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് ടി.ബി. എലിമിനേഷൻ ബോർഡ് യോഗം, പഞ്ചായത്ത് പദ്ധതി ബോധവൽക്കരണം, ജില്ലാ എയ്ഡ്സ് പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗം എന്നിവയും സംഘടിപ്പിച്ചു.