സെൻസസ് സെൽഫ് എന്യൂമറേഷൻ: മികച്ച നേട്ടവുമായി ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ
ദേശീയ സെൻസസ് സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് ഹയർ സെക്കൻഡറി എൻ.എസ്.എസ് (NSS) യൂണിറ്റുകൾ. ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആകെ 5,812 വീടുകളിലാണ് സെൽഫ് എന്യൂമറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
'നോട്ട് മീ ബട്ട് യു' എന്ന സാമൂഹിക സേവന മുദ്രാവാക്യം മുൻനിർത്തി സന്നദ്ധ പ്രവർത്തകരായ വിദ്യാർഥികൾ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഡിജിറ്റൽ സെൻസസ് പ്രക്രിയയിലേക്ക് ജനങ്ങളെ പങ്കാളികളാക്കുന്നതിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രവർത്തനം മാതൃകാപരമായി.
സെൽഫ് എന്യൂമറേഷൻ വിജയകരമായി പൂർത്തിയായതിന്റെ ഔദ്യോഗിക പത്രിക കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എ.ഡി.എം ആർ. രാജലക്ഷ്മിക്ക് ഹയർസെക്കൻഡറി എജ്യൂക്കേഷൻ ചെങ്ങന്നൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ കൈമാറി.
ചടങ്ങിൽ എം.റ്റി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹേമ മേരി മാത്യു, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ എം. എസ്. സുമ, അരുൺ മോഹൻ, ജില്ലാ കോർഡിനേറ്റർ എ. അരുൺ, പ്രോഗ്രാം ഓഫീസർമാരായ സി. കെ. സജി, ബിന്ദുമോൾ, സനിത മോഹൻ, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.











