കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾ: ജൂൺ 30 വരെ അപേക്ഷിക്കാം

post

കേരള ഫോക്‌ലോർ അക്കാദമി 2025 വർഷത്തെ വിവിധ പുരസ്‌കാരങ്ങൾക്കായി നാടൻ കലാകാരന്മാരിൽ നിന്നും ഗവേഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂൺ 30-നകം അക്കാദമി ഓഫീസിൽ ലഭിക്കണം. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷത്തെ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്.


65 വയസ് പൂർത്തിയായവർ, നാടൻ കലാരംഗത്ത് 30 വർഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവർ, മുൻവർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവർ എന്നിവർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവിണ്യമുള്ള, 41 മുതൽ 65 വയസ് വരെ പ്രായമുള്ള കലാകാരന്മാർക്ക് അവാർഡിന് അപേക്ഷിക്കാം.


65 വയസ്സ് പൂർത്തിയാക്കിയവരും അക്കാദമിയുടെ പുരസ്‌കാരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തവരുമായ കലാകാരന്മാർക്ക് ഗുരുപൂജ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. നാടൻകലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 25-നും 40-നും മദ്ധ്യേ പ്രായമുള്ള യുവ നാടൻ കലാകാരന്മാർക്ക്

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം.


നാടൻ കലകളെ ആധാരമാക്കി 2023, 2024, 2025 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട മികച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾ പരിഗണിക്കും. ഗ്രന്ഥകാരന്മാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ഉള്ളടക്കം ചെയ്യണം.


നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാതെ, 2025 ജനുവരി മുതൽ ഡിസംബർ വരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്ററികളാണ് പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ 3 പെൻഡ്രൈവുകളും പ്രസ്തുത കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള സത്യവാങ്മൂലവും സമർപ്പിക്കണം. തദ്ദേശസ്വയംഭരണസ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം (കലാരംഗത്തെ പരിചയം തെളിയിക്കാൻ).


ഒരു ജനപ്രതിനിധി, കലാകാരൻ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം അല്ലെങ്കിൽ ആരാധനാലയം (അനുഷ്ഠാനകലയെങ്കിൽ) എന്നിവരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ. മറ്റൊരു വ്യക്തിയോ സംഘടനയോ ആണ് പേര് നിർദ്ദേശിക്കുന്നതെങ്കിൽ കലാകാരന്റെ സമ്മതപത്രം.

എഴുതി തയ്യാറാക്കിയ ബയോഡാറ്റ, അംഗീകാരപത്രങ്ങളുടെ പകർപ്പ്, പ്രോഗ്രാം നോട്ടീസ്, പ്രോഗ്രാം ഫോട്ടോകൾ. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ്.


അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വർഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌കാരത്തിന് പരിഗണിക്കൂ. അപേക്ഷകൾ www.keralafolklore.org ൽ ലഭ്യമായ നിശ്ചിത മാതൃകയിൽ തയ്യാറാക്കി സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി,പി. ഒ. ചിറക്കൽ, കണ്ണൂർ - 670011 വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി: 2026 ജൂൺ 30.

കൂടുതൽ വിവരങ്ങൾക്ക്: 0497 - 2778090.