സൗജന്യ ഓണകിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ദിനം കിറ്റ് വാങ്ങിയത് പന്ത്രണ്ടായിരത്തോളം പേര്‍

post

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യ ഘട്ടത്തില്‍ എ.എ.വൈ വിഭാഗത്തിലെ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം. ആദ്യദിനത്തില്‍ പന്ത്രണ്ടായിരത്തോളം പേരാണ് കിറ്റ് വാങ്ങിയത്. എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും. കോവിഡ്, കാലവര്‍ഷം തുടങ്ങി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഓണത്തിന് ആഴ്ചകള്‍ക്കു മുമ്പേ ലഭിച്ച ഓണ കിറ്റ് ഓണ സമ്മാനമായി മാറി. ഗുണഭോക്താവിലൊരാളായ മുല്ലക്കല്‍ ദേവസ്വം പറമ്പില്‍ രാജേന്ദ്രന്‍ രാവിലെ തന്നെ മുല്ലക്കല്‍ 49 ആം നമ്പര്‍ റേഷന്‍കടയിലെത്തി കിറ്റ് വാങ്ങി. ചങ്ങനാശ്ശേരിയിലെ ഒരു പച്ചമരുന്ന് കടയില്‍ ജോലി ചെയ്തിരുന്ന രാജേന്ദ്രനു കൊറോണയുടെ പശ്ചാത്തലത്തിലും കാലവര്‍ഷ വെള്ളപൊക്കത്തിന്റെ സാഹചര്യത്തിലും ജോലി ഇല്ലാത്ത അവസ്ഥയാണ്. അമ്മയും ഭാര്യയും രണ്ടു മക്കളുമായി ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും ഓണകിറ്റും ലഭിച്ചത് ഈ സാഹചര്യത്തില്‍ വളരെ സന്തോഷം നല്‍കുന്നുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞു. . എല്ലാ വര്‍ഷവും ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ധാന്യ വിതരണം നടത്താറുണ്ടെങ്കിലും ഈ വര്‍ഷത്തെ 11 ഇനങ്ങള്‍ ഉള്‍പ്പെടെ ഉള്ള ഓണകിറ്റ് ജോലി നഷ്ടപ്പെട്ടു നില്‍ക്കുന്ന തങ്ങളെ പോലെ ഉള്ള കൂലിപ്പണിക്കാര്‍ക്ക് ഏറെ പ്രയോജനം ചെയുന്നുണ്ട് എന്ന് എ എ വൈ കാര്‍ഡ് ഉടമ വേലായുധന്‍ പിള്ള പറഞ്ഞു. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 40495 എ എ വൈ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണ കിറ്റ് വിതരണം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യോക തയ്യാറെടുപ്പ് നടത്തിയിരുന്നു.