ജില്ലയില്‍ മഴ കുറഞ്ഞു; 3200ലേറെ പേര്‍ വീടുകളിലേക്ക് മടങ്ങി

post

കണ്ണൂര്‍: ജില്ലയില്‍ മഴയുടെ തോത് കുറഞ്ഞതിനാല്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ച 2377 കുടുംബങ്ങളില്‍ 700ലേറെ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍ നിന്നായി 59 പേരാണ് താമസിക്കുന്നത്. മഴ കുറഞ്ഞതോടെ പകുതിയോളം  പേര്‍  ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ബന്ധുവീടുകളിലേക്ക് മാറിയ 12246 പേരില്‍ 3200 ലേറെ പേരാണ് വീടുകളിലേക്ക് തിരിച്ച് പോയത്. ജില്ലയില്‍ മഴക്കെടുതി മൂലം 23 വീടുകള്‍ പൂര്‍ണമായും 1060 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്.

കണ്ണൂര്‍ താലൂക്കില്‍ എളയാവൂരിലുള്ള ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴ് പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്.

തലശ്ശേരി താലൂക്കില്‍ 932 കുടുംബങ്ങളിലെ 3925 ആളുകളാണ് നിലവില്‍ ബന്ധുവീടുകളില്‍ കഴിയുന്നത്. ശിവപുരം, പുത്തൂര്‍ വില്ലേജുകളില്‍ ഒരോ വീടുകള്‍ വീതം പൂര്‍ണമായും തകര്‍ന്നു. താലൂക്കില്‍ ഇതുവരെ 358 വീടുകള്‍ക്ക് ഭാഗിക നാശം സംഭവിച്ചു. ഏഴ് കിണറുകളും തകര്‍ന്നിട്ടുണ്ട്.

ഇരിട്ടി താലൂക്കില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി 24 പേര്‍ മാത്രമാണ് ഇപ്പോള്‍ ബന്ധുവീടുകളില്‍ കഴിയുന്നത്. താലൂക്കില്‍ നാല് വീടുകള്‍ പൂര്‍ണമായും 94 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഇതുവരെയുള്ള കണക്ക്.

തളിപ്പറമ്പ് താലൂക്കിലെ വിവിധ മേഖലകളില്‍ വെള്ളം ഇറങ്ങിയതോടെ ബന്ധുവീടുകളില്‍ കഴിഞ്ഞിരുന്ന പലരും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. കഴിഞ്ഞ ദിവസം 1203 കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചിരുന്നത്. ഇവരില്‍ 300 കുടുംബങ്ങളാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.