റെഡ് അലര്‍ട്ട് ; അതീവ ജാഗ്രത പാലിക്കണം

post

വയനാട് : അതിതീവ്ര മഴയ്ക്ക് സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച  സാഹചര്യത്തില്‍ (റെഡ് അലര്‍ട്ട്) പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  24 മണിക്കൂറില്‍ 204.5 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കാനുളള സാധ്യതയുളളതിനാല്‍ മലയോര മേഖലയിലുളളവര്‍ രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. ഉരുള്‍പ്പൊട്ടല്‍,മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കരുതലുകളും സ്വീകരിക്കണം. മാറി താമസിക്കേണ്ട ഇടങ്ങളിലുളളവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.