മലമ്പുഴ പ്രകൃതി ദുരന്ത സാധ്യതാ പഠന റിപ്പോര്‍ട്ട് പുറത്തിറക്കി

post

പാലക്കാട് : മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴയുമായി ബന്ധപ്പെട്ട് മലമ്പുഴ പ്രകൃതി ദുരന്ത സാധ്യത പഠനറിപ്പോര്‍ട്ട് പുറത്തിറക്കി. ജില്ലയിലെ അഗ്നിശമനസേനയുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം അഗ്നിശമനസേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക്  കൈമാറി.

വളണ്ടിയര്‍മാര്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യത്തെ പ്രകൃതി ദുരന്ത സാധ്യതാ പഠന റിപ്പോര്‍ട്ട് ആണിത്. ഏതു തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും രക്ഷകരായി ആദ്യമെത്തുന്നത് പ്രദേശത്തെ ജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ആയിരിക്കും. ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അഗ്നിശമന സേന രൂപീകരിച്ച സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലമ്പുഴയുടെ ഭൂമിശാസ്ത്രം, പൊതുവിവരങ്ങള്‍,  ഭൂപടം,  ഡാമിന്റെ വിശദാംശങ്ങള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍, ദുരന്ത സാധ്യത മേഖലകള്‍, കാരണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സജ്ജീകരണങ്ങള്‍, ദുരന്തമുണ്ടായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങളെ സജ്ജമാക്കുകയും പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ സമൂഹത്തെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ കൂടി ലക്ഷ്യമിട്ടാണ് പുസ്തകം തയ്യാറാക്കിയത്.

മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന മലമ്പുഴ ഗ്രാമപഞ്ചായത്ത്, സമീപ പ്രദേശങ്ങളിലുള്ള അകത്തേത്തറ, പറളി ഗ്രാമ പഞ്ചായത്തുകള്‍ പാലക്കാട് മുനിസിപ്പാലിറ്റി, തുടങ്ങി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പോലീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവര്‍ക്ക് പുസ്തകം നല്‍കും.