പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മാണോദ്ഘാടനം നടത്തി

post

പാലക്കാട്: സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധനക്കായി ആരോഗ്യവകുപ്പ് പുതുപ്പരിയാരത്ത് ആരംഭിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി. എസ്. അച്യുതാനന്ദന്‍ ഓണ്‍ലൈനായി അധ്യക്ഷനായി.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ രോഗ പരിശോധന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സജ്ജമാവുന്ന സംസ്ഥാനത്തെ പത്താമത്തെ പബ്ലിക് ഹെല്‍ത്ത് ലാബ് പുതുപ്പരിയാരത്ത് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരംഭിക്കുന്ന നാലാമത്തെ ലാബാണിത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആവശ്യമായ തസ്തികകളില്‍ നിയമനം നടത്തുമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ലാബില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു .

നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുറച്ചു കാലം കൂടി കോവിഡ് വൈറസിനൊപ്പം ജനങ്ങള്‍ ജീവിക്കേണ്ടിവരും. പൊതു ഇടങ്ങളില്‍ ശാരീരിക അകലം പാലിച്ച് മുന്നോട്ടു പോകേണ്ടിവരും. സംസ്ഥാനത്താദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു പരിശോധനാ സംവിധാനം ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ എട്ട് പ്രൈവറ്റ് കേന്ദ്രങ്ങള്‍ അടക്കം 25 ലാബുകളില്‍ പരിശോധനാ സൗകര്യങ്ങള്‍ ഉണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ മന്ത്രി അഭിനന്ദിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ശാരീരിക അകലം പാലിച്ച്, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.  

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ ജാഗ്രതയും കാര്യക്ഷമതയും അഭിനന്ദാര്‍ഹമാണെന്ന് അധ്യക്ഷനായി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ലാബ് നിര്‍മ്മാണത്തിനായി ആരോഗ്യ വകുപ്പിന് സ്ഥലം വിട്ടുനല്‍കിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും എം.എല്‍.എ. പ്രശംസിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് മുന്നോട്ടുപോകണമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ. ഓര്‍മിപ്പിച്ചു.

മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന റീജിയണല്‍ ലാബിനായി രണ്ടു കോടിയാണ് ആരോഗ്യവകുപ്പ് ചെലവഴിക്കുന്നത്. ആരോഗ്യപരിപാലനത്തിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനോടോപ്പം സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍,  കുടിവെള്ള പരിശോധന തുടങ്ങി മൃഗങ്ങള്‍ക്കുള്ള പേവിഷബാധ  കണ്ടുപിടിക്കാനുള്ള പ്രത്യേക ടെസ്റ്റുകള്‍ വരെ ഇവിടെ നടത്താനാകും. ഡോക്ടറുടെ കുറിപ്പടിയോടുകൂടി എത്തുന്നവര്‍ക്കും ലാബില്‍ പരിശോധന നടത്താനാകും. മുന്‍ഗണനാ വിഭാഗത്തിലെ ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായും മറ്റു വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസോടെയും സേവനങ്ങള്‍ ലഭ്യമാകും. ഡോക്ടര്‍, സയന്റിഫിക് ഓഫീസര്‍, ലാബ് ടെക്നീഷ്യന്മാര്‍ എന്നിവരുടെ സേവനവും ലഭിക്കും. ക്ലിനിക്കല്‍ പത്തോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണ രക്തപരിശോധനകള്‍, അവയവരോഗനിര്‍ണയങ്ങള്‍, ബയോകെമിസ്ട്രി വിഭാഗത്തിലുള്‍പ്പെടുന്ന വൃക്ക,  കരള്‍ എന്നിവയുടെ തകരാര്‍ മൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ കണ്ടെത്തല്‍, ഡെങ്കി, ചിക്കന്‍ഗുനിയ, ടൈഫോയ്ഡ്, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും തൈറോയ്ഡ് രോഗനിര്‍ണയം, പുരുഷ-സ്ത്രീ ഹോര്‍മോണ്‍ നിലവാര പരിശോധന,  വളര്‍ച്ച ഹോര്‍മോണ്‍ അളവ് നിര്‍ണയിക്കല്‍ എന്നീ സൗകര്യങ്ങള്‍ ലാബില്‍ ഒരുക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതുപ്പരിയാരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. നാസര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ്, എ. പ്രഭാകരന്‍, വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പി.എ. എന്‍. അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ശശിധരന്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.