അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലൈഫ് രണ്ടു ഘട്ടങ്ങളായി നിര്‍മിച്ച് നല്‍കിയത് 155 വീടുകള്‍

post

ആലപ്പുഴ: കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കി നല്‍കിയത് 155 വീടുകള്‍. പഞ്ചായത്ത് ഒന്നാം ഘട്ടത്തില്‍ 24 വീടുകളും രണ്ടാം ഘട്ടത്തില്‍ 131 വീടുകളും നിര്‍മ്മിച്ച് നല്‍കിരുന്നു. മൂന്നാം ഘട്ടത്തില്‍ 132 വീടുകള്‍ നല്‍കുവാനുള്ള നടപടികള്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു വരികയാണ്. 2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ 17000ലധികം ജനങ്ങള്‍ക്ക് പഞ്ചായത്തിലെ ഒമ്പത് ഷെല്‍ട്ടറുകളിലായി താമസ സൗകര്യവും അവര്‍ക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. കാലവര്‍ഷക്കെടുതിയിപ്പെട്ട 161 വീടുകളുടെ പുനര്‍നിര്‍മാണത്തിനും 382 വീടുകളുടെ പുനരുദ്ധാരണത്തിനുമാവശ്യമായ സഹായം റവന്യൂ വകുപ്പുമായി ചേര്‍ന്ന് ദ്രുതഗതിയില്‍ വിതരണം ചെയ്തു. ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ സമയബന്ധിതമായി നല്‍കിയതിന്റെ ഭാഗമായി പഞ്ചായത്തിന് ഈ കാലയളവില്‍ ഐഎസ്ഒ 9001-2015 അംഗീകാരവും ലഭിച്ചു. കേര ഗ്രാമം പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ പെടുത്തി 75 ലക്ഷം രൂപ ചെലവില്‍ ജൈവ ജീവാണു വളപ്രയോഗം ഉള്‍പ്പെടെയുള്ള സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തെങ്ങുകയറാന്‍ സഹായമാകുന്ന ഉപകരണം, പമ്പ് സെറ്റ്, തുള്ളിനന സംവിധാനം, ജൈവവളം, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ലഭ്യമാക്കി. വെളിച്ചെണ്ണ ഉത്പ്പാദന യൂണിറ്റും സ്ഥാപിച്ചു.

വൈദ്യുതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിര്‍ദ്ദേശനുസരണം സമ്പൂര്‍ണ്ണ എല്‍ഇഡി പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു സമ്പൂര്‍ണ്ണ എല്‍ഇഡി ഗ്രാമം എന്ന ലക്ഷ്യം നേടുന്നതിന് 2020-2021 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് വീട് ഒന്നിന് 4000 രൂപ വീതം സബ്സിഡി നല്‍കി. എല്ലാ വീടുകള്‍ക്കും കണക്ഷന്‍ നല്‍കി സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ നേടിയ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മുട്ട ഗ്രാമം പദ്ധതിയിലൂടെ കുടുംബശ്രീ യൂണിറ്റുകളില്‍ ഉള്‍പ്പെട്ട 1034 വനിതകള്‍ക്ക് മുട്ടക്കോഴികളെയും കോഴിതീറ്റയും നല്‍കി. കെപ്കോ ആശ്രയ പദ്ധതിയിലൂടെ വിധവകള്‍ക്കും കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. ഇതിലൂടെ പ്രതിവര്‍ഷം മുട്ട ഉത്പ്പാദനം അറുപതിനായിരത്തിലധികമായി ഉയര്‍ന്നു. ക്ഷീരോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കിടാരികളെ വിതരണം ചെയ്യുകയും കാലിത്തീറ്റ സബ്സിഡി, പാലിന് ബോണസ്, എന്നീ പദ്ധതികളിലൂടെ ക്ഷീരോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടെ 42 ലക്ഷം രൂപ ചെലവില്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു.

പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ കിടപ്പു രോഗികളുടെ പരിചരണം കഴിഞ്ഞ അഞ്ചുവര്‍ഷമായി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി വരുന്നു. കൂടാതെ ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ സൗജന്യ മരുന്നു വിതരണവും നടത്തുന്നുണ്ട്. പട്ടികജാതി- വര്‍ഗ ക്ഷേമത്തിനായി വാര്‍ഷിക പദ്ധതിയില്‍ പ്രാധാന്യം നല്‍കി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്, സൈക്കിള്‍, വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍, വിവാഹ ധനസഹായം, വീട് പുനരുദ്ധാരണ ധനസഹായം എന്നിവ എല്ലാ വര്‍ഷവും നല്‍കിവരുന്നു. അഗതി രഹിത കേരളം പദ്ധതിയില്‍ 62 പേര്‍ക്കായി പ്രതിമാസം ഭക്ഷ്യധാന്യങ്ങളും നല്‍കുന്നുണ്ട്.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അന്തര്‍ദേശിയ നിലവാരത്തോടെയുള്ള അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാത, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, പി.കെ മെമ്മോറിയല്‍ ഗ്രന്ഥ ശാലയ്ക്ക് പുതിയ കെട്ടിടം, ഗ്രാമീണ റോഡുകള്‍, തീരദേശ ഹൈവേ, കരുമാടിയിലെ പുതിയ ഗസറ്റ് ഹൗസ് തുടങ്ങിയവും ഈ കാലയളവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാല്‍ പറഞ്ഞു.