തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

post

വയനാട് : ആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ14 കേന്ദ്രങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍

വയനാട് ജില്ലയില്‍ വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ് കല്ലട പനങ്കരപ്പാടി റോഡിന്റെ നിര്‍മ്മാണ  ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ജില്ലയില്‍ 108 റോഡുകളാണുള്ളത് ഇതില്‍ 97 പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചു. 2018, 2019 പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശറോഡുകള്‍ക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാളില്‍ നടന്ന ജില്ലയിലെ  ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഒ.ബി.വസന്ത, ഡി.ഡി.പി. ജയരാജന്‍.പി, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ദിലീപ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം.ബി ജേഷ് എന്നിവര്‍ പങ്കെടുത്തു.