മഴക്കാലപൂര്‍വ്വ ശുചീകരണം: പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും ഹൗസ് സര്‍വ്വേ നടത്തി

post

പാലക്കാട് :മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍ പട്ടാമ്പി നഗരസഭ, ബ്ലോക്ക് പരിധിയിലെ  വീടുകളില്‍ സര്‍വേയും ബോധവത്ക്കരണവും നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളില്‍ സര്‍വ്വേ നടത്തി രോഗബാധിതരെ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം തന്നെ മഴക്കാല രോഗങ്ങള്‍ വരാതിരിക്കാന്‍ വീടുകളില്‍ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കുകയും ക്ലീനിങ് സൊലൂഷന്‍ വിതരണം ചെയ്യുകയും ചെയ്തു.പട്ടാമ്പി നഗരസഭ പരിധിയിലെ 7000 വീടുകളിലും വിവിധ പഞ്ചായത്തുകളിലെ 28838 വീടുകളിലുമാണ് സര്‍വ്വേ നടത്തിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസറായ ഡോ. സിദ്ധിഖിന്റെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജി ആനന്ദിന്റെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.  ഇതോടൊപ്പം മഴക്കാലത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍   ഉള്‍പ്പെടെയുള്ളവരാണ് സര്‍വ്വേ നടത്തിയത്.