കോവിഡ്: ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഇവ ശ്രദ്ധിക്കണം

post

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി അടച്ചിട്ടിരുന്ന ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആളുകള്‍ ഏറെ ഇടപഴകുന്ന സ്ഥലമെന്ന നിലയില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

ജോലിക്കാരുടെ എണ്ണം പരമാവധി കുറച്ച് സ്ഥാപനത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍. കടയില്‍ തിരക്ക് ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനായി മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഒരുക്കാം. ജീവനക്കാര്‍ കൃത്യമായ വ്യക്തി ശുചിത്വം പാലിക്കണം. ജീവനക്കാര്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ജോലിക്കിടെ കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കരുത്. ഉപഭോക്താവിരുന്ന കസേര, ഉപയോഗിച്ച മറ്റുവസ്തുക്കള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് യഥാസമയം വൃത്തിയാക്കണം.

ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളിലെ എസിയുടെ ഉപയോഗം കുറച്ച് പരമാവധി വായു സഞ്ചാരം ഉറപ്പുള്ള രീതിയില്‍ മുറികള്‍ ക്രമീകരിക്കണം. വാതില്‍ തുറന്നിടാന്‍ കഴിയുന്നില്ലെങ്കില്‍ വാതിലിന്റെ കൈപ്പിടികള്‍ ഓരോരുത്തരും കയറുമ്പോഴും ഇറങ്ങുമ്പോഴും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. അതോടൊപ്പം ഉപഭോക്താക്കള്‍ക്കും കൈ വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കണം. കടയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉറപ്പാക്കണം.

ഓരോ തവണയും ഉപഭോക്താവ് കസേരയിലിരിക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികള്‍ എന്നിവ വൃത്തിയാക്കണം. ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങളുള്ള പാര്‍ലറുകള്‍ ആണെങ്കില്‍ ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കണം. കടയില്‍ എത്തുന്ന ഉപഭോക്താവ് മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നവെന്നും ഉറപ്പാക്കണം. വിരിക്കുന്ന തുണി/ ടവല്‍ ഉപഭോക്താവ് കൊണ്ടുവരികയോ ഡിസ്പോസിബിള്‍ ടവല്‍ ഉപയോഗിക്കുകയോ ചെയ്യുക. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പാര്‍ലറുകളില്‍ എത്തുകയാണെങ്കില്‍ അവരെ മടക്കി അയക്കുക. കഴിവതും പാര്‍ലര്‍ ജീവനക്കാരെയും, ഉപഭോക്താക്കളേയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കണം.

പരമാവധി പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതും നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണെങ്കില്‍ അതിന് ശേഷവും കൈകള്‍ വൃത്തിയാക്കണം. സ്ഥാപനത്തിലെ തറ, ഫര്‍ണിച്ചറുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് ദിവസവും വൃത്തിയാക്കണം. ഉപയോഗിച്ച മാസ്‌കുകള്‍, ഗ്ലൗസ് എന്നിവ കൃത്യമായി അണുവിമുക്തമാക്കി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ അവര്‍ക്ക് അവധി നല്‍കണം. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കുകയും സ്വയം ഹോം ക്വാറന്റൈനില്‍ പോവുകയും ചെയ്യണം. കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മേല്‍പ്പറഞ്ഞ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇതു സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.