അട്ടപ്പാടിയില്‍ 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

post

പാലക്കാട് : അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷോളയൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ 100 കിടക്കകളും, പുതൂര്‍ ഗവ. സ്‌കൂള്‍, പുതൂര്‍ ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 120 കിടക്കകളും, അഗളി പട്ടിമാളത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 200  എന്നിങ്ങനെ 420 കിടക്കകളാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യം വന്നാല്‍ കോട്ടത്തറ ഗവ:  ട്രൈബല്‍ ആശുപത്രിയില്‍ 10  ഐ.സി.യു കിടക്കകളും സജ്ജീകരിച്ചിട്ടുള്ളതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. അട്ടപ്പാടി മേഖലയിലെ വിവിധയിടങ്ങളിലായി 94 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.  ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍, മറ്റ് രാജ്യങ്ങളില്‍  നിന്നും വന്ന ആറ് പേര്‍, രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ  പ്രാഥമിക സമ്പര്‍ക്കത്തിലുള്ള മൂന്നാളുകള്‍ എന്നിങ്ങനെ 94 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 1102 പേരില്‍ ഇതുവരെ ആന്റിജന്‍ പരിശോധന നടത്തിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.