ലോക മുലയൂട്ടല്‍ വാരാചരണത്തിനു തുടക്കം

post

വയനാട്:  ലോക മുലയൂട്ടല്‍ വാരാചരണത്തിന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തുടക്കം. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജില്ലാ ആശുപത്രി ഗൈനക്കോളജി-പീഡിയാട്രിക്സ് ഡിപാര്‍ട്ട്മെന്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു. 
 
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം. സുജാത മുഖ്യപ്രഭാഷണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ റഷീദ് വാരാചരണ സന്ദേശം നല്‍കി. നഴ്സിങ് സൂപ്രണ്ട് പി.കെ സുഭദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുലപ്പാലിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ.പി ചന്ദ്രശേഖരന്‍ ക്ലാസെടുത്തു. ആറുമാസം വരെ മുലപ്പാലല്ലാതെ മറ്റൊന്നും നല്‍കരുതെന്നും ഏഴാം മാസം മുതല്‍ രണ്ടു വയസ്സു വരെയെങ്കിലും നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
 
മുലപ്പാല്‍ പുറപ്പെടുന്നതിന് മുമ്പ് ഉല്‍പാദിപ്പിക്കുന്ന ദ്രാവകമാണ് കൊളോസ്ട്രം. ഇത് വളരെ പോഷകഗുണമുള്ളതും ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ അടങ്ങിയിട്ടുള്ളതും അണുബാധകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ പോരാടുന്ന പ്രോട്ടീനുകളാണ്. കൊളസ്ട്രം ശിശുക്കളില്‍ വളര്‍ച്ചയും ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നു. കുട്ടി ജനിച്ചയുടനെ മുലയൂട്ടണം. സിസേറിയന്‍ ആണെങ്കിലും ഇതു ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വാരാചരണത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, എക്സിബിഷന്‍, പൊതുസമ്മേളനം എന്നിവയുമുണ്ടായിരുന്നു. മികച്ച കുഞ്ഞുങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭാ രാജന്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ബി.ടി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണം ആഗസ്റ്റ് ഏഴിന് സമാപിക്കും.
 

ഏദന്‍ റോള്‍ദോന്‍ 'ബെസ്റ്റ് ബേബി'

 
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന ബേബി ഷോയില്‍ 'ബെസ്റ്റ് ബേബി'യായി ഏദന്‍ റോള്‍ദോന്‍. മാനന്തവാടി കൂനാര്‍വയല്‍ സ്വദേശികളായ എലിസബത്ത്-റോള്‍ദോന്‍ ദമ്പതികളുടെ മകനാണ് ഏഴുമാസം പ്രായമുള്ള ഏദന്‍. കൂനാര്‍വയല്‍ സ്വദേശികള്‍ തന്നെയായ അമൃത-ഹരീഷ് ദമ്പതികളുടെ മകന്‍ അനിരുദ്ധ് ഹരീഷ് രണ്ടാംസ്ഥാനം നേടി. എട്ടുമാസമാണ് അനിരുദ്ധിന്റെ പ്രായം. 11 മാസം പ്രായമുള്ള മുഹമ്മദ് റിഷാന്‍ മൂന്നാം സ്ഥാനത്തെത്തി. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ റുബീന-സജീര്‍ ദമ്പതികളുടെ മകനാണ് റിഷാന്‍. 
 
കുഞ്ഞുങ്ങള്‍ക്ക് യഥാക്രമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭാ രാജന്‍ എന്നിവര്‍ സമ്മാനം നല്‍കി.