കോവിഡ് പ്രതിരോധം : ആര്യാട് ബ്ലോക്കില്‍ ജാഗ്രതാ ക്യാമ്പയിന്‍ തുടങ്ങി

post

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും ജീവതാളം പെയ്ന്‍ & പാലിയേറ്റീവും ചേര്‍ന്ന് നടപ്പാക്കുന്ന 'ജാഗ്രതാ ' ക്യാമ്പയിന് തുടക്കമായി. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിനും ക്വാറന്റിനില്‍ കഴിയുന്നവര്‍ക്ക് ചികിത്സയും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുക, പനി പരിശോധന, പ്രതിരോധ മരുന്നു വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക,  അത്തരം വാര്‍ഡുകളിലെ ആര്‍ദ്രം വോളിന്റിയര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ടിയ സാമുദായിക  യുവജന സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കുക എന്നിവ ഉള്‍പ്പെടുന്നതാണ്  ജാഗ്രതാ ക്യാമ്പയിന്‍. ജീവതാളം പെയിന്‍ & പാലിയേറ്റീവ് ചെയര്‍മാന്‍ കെ. ഡി. മഹീന്ദ്രന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ  15 ,19 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ദിനം  രണ്ട് വാര്‍ഡുകളിലുമായി 1350 വീടുകള്‍ സന്ദര്‍ശിച്ചു.. മൂന്ന് പേര്‍ അടങ്ങുന്ന 35 സ്‌ക്വാഡുകളാണ് ഇതിനു വേണ്ടി രൂപീകരിച്ചിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍,  പാലിയേറ്റീവ് പ്രവര്‍ത്തകര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡ് ചെട്ടിക്കാട് ഹോസ്പിറ്റലിലെ ഡോക്ടര്‍ അലി, അനഘ, നഴ്‌സിംഗ് സ്റ്റാഫ് മാര്‍ഗരറ്റ് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഭവന സന്ദര്‍ശനം നടത്തിയത്. പി പി ഇ കിറ്റ്, മാസ്‌ക്,  ഗ്ലൗസ് , സാനിറ്റൈസര്‍ ,ഫെയിസ് ഷീല്‍ഡ്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ അടക്കം എല്ലാ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് സ്‌ക്വാഡുകള്‍ ഭവന സന്ദര്‍ശനം നടത്തിയത്.

ക്യാമ്പയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി പി ഇ കിറ്റ് ധരിച്ച നഴ്‌സ് വീടുകളില്‍ എത്തി എല്ലാവരുടെയും പനി  പരിശോധിക്കും.  കൂടെയുള്ള ആരോഗ്യവാളന്റിയര്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. പനി കൂടുതല്‍ ഉള്ള കേസ്സുകള്‍ ചെട്ടികാട് പി എച്ച് സി യില്‍  റിപ്പോര്‍ട്ട് ചെയ്യും. വീട്ടിലെ ആളുകളുടെ മറ്റ് അസുഖങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തും. ഡോക്ടറുടെ സേവനം, കൗണ്‍സിലിംഗ്, മരുന്ന്, ഭക്ഷണം മറ്റ് ആവശ്യങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ആവശ്യമുള്ള സഹായങ്ങള്‍  ചെയ്ത് കൊടുക്കും.

കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ കുടുതല്‍ ജാഗ്രത ആവശ്യമാണെന്നും  ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുവാന്‍ വേണ്ടി കൂടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ പറഞ്ഞു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍  നടന്ന മൈക്ക് അനൗണ്‍സ്മെന്റ് കോര്‍ണര്‍ യോഗങ്ങളില്‍ ഫാ.തോമസ് മണിയാപൊഴി, ജയന്‍ തോമസ്, കെ.ഡി മഹീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി.മാത്യു, എ. ആര്‍. പി. സി. ജില്ലാ കമ്മിറ്റി അംഗം കെ. ജി രാജേശ്വരി, ജീവതാളം കണ്‍വീനര്‍ അഡ്വ.ആര്‍. റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജി ലൈജു എന്നിവര്‍ വിവിധ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.