സ്വാബ് പരിശോധനയ്ക്കുള്ള മൂന്നു മൊബൈല്‍ വാനുകള്‍ മന്ത്രി തോമസ് ഐസക് ഫ്‌ലാഗ് ഓഫ് ചെയ്തു

post

ആലപ്പുഴ: ധന മന്ത്രി തോമസ് ഐസക് നിര്‍ദ്ദേശിച്ചത് പ്രകാരം കെ.എസ്.എഫ്.ഇ തങ്ങളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടില്‍ നിന്ന് നല്‍കിയ തുക ഉപയോഗിച്ച് ജില്ല ഭരണകൂടം വാങ്ങിയ സ്വാബ് പരിശോധയ്ക്കുള്ള മുന്നു മൊബൈല്‍ വാനുകള്‍ പുറത്തിറക്കി. മന്ത്രി ഓണ്‍ലൈനായി മൊബൈല്‍ വാനുകളുടെ ഫ്‌ലാഗ് ഓഫ് നടത്തി.

കോവിഡ് വ്യാപനം അടുത്തൊരു മാസക്കാലം വര്‍ധിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ പരിശ്രമം വ്യാപനം നിയന്ത്രണത്തിനുള്ളില്‍ നിര്‍ത്താനാണ്. മരണനിരക്ക് നമുക്ക് കുറയ്ക്കാന്‍ കഴിയും. സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അതിലാണ്. ആതിനായി റിവേഴ്‌സ് ക്വാറന്റൈന്‍ ( പ്രായം ഉള്ളവര്‍ വീട്ടിലിരിക്കുക), ക്വാറന്റൈനില്‍ ഉള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് വിട്ടിരിക്കുക, രോഗികള്‍ക്ക് ശരിയായതും മികച്ചതുമായ ചികിത്സ ഉറപ്പുവരുത്തുക, കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുക എന്നിവ നടപ്പാക്കുന്നു. സ്വാബ് എടുക്കാനും പരിശോധിക്കാനുമുള്ള സൗകര്യം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. ഇതിന് മൊബൈല്‍ വാനുകള്‍ കൂടുതലുള്ളത് സഹായിക്കും. കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നു. പ്രതിരോധത്തിന്റെ കാര്യത്തില്‍ ഒരു നിയന്ത്രണവും സര്‍ക്കാര്‍ വയ്ക്കുന്നില്ല. പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങാന്‍ അനുവദിച്ചിട്ടുണ്ട്. അവര്‍ തീരുമാനിച്ചാല്‍ അത് വാങ്ങാം.പണം ഒരു തടസ്സവുമല്ല. പല പഞ്ചായത്തുകള്‍ക്കും ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും അവര്‍ക്ക് പണം വിനിയോഗിക്കാം. ഡി.പി.സിക്ക് പോകാതെ വാങ്ങാം.അതിന് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ടാല്‍ മതി. കേരളം കഠിന ശ്രമം നടത്തുന്നത് മരണനിരക്ക് നിയന്ത്രിക്കുക എന്നതിനാണ്. അതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്ഥലങ്ങളില്‍ പ്രത്യേകിച്ചും മത്സ്യബന്ധന മേഖലകളില്‍ പരിശോധന സാധ്യമാക്കുന്നതിന് പുതിയ വാനുകള്‍ ഏറെ ഉപകരിക്കുമെന്ന് യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു.

കെ.എസ്.എഫ്.ഇ യുടെ സി.എസ്.ആര്‍.ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ കളക്ടറുടെ അക്കൗണ്ടില്‍ ലഭിക്കുകയും അതുപയോഗിച്ച് മൂന്നുവാനുകള്‍ വാങ്ങുകയുമായിരുന്നു. ഡ്രൈവറെ ക്കൂടാതെ ഡോക്ടര്‍ക്ക് ഇരിക്കാനും ഓരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന് ഇരിക്കാനും ഉള്ള സൗകര്യം സ്വാബ് ടെസ്റ്റിനുള്ള മൊബൈല്‍ വാനിലുണ്ട്.നേരത്തെ ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നാല് മൊബൈല്‍ വാഹനങ്ങള്‍ സ്വാബ് ടെസ്റ്റിനായി ഉണ്ട്. ഇവയ്ക്ക് പുറമേയാണ് പുതിയ സൗകര്യം.