തരൂർ മണ്ഡലത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ഒരു കോടി രൂപ നൽകി : മന്ത്രി എ.കെ.ബാലൻ

post

പാലക്കാട്: എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി നൽകിയതായും അതിനാൽ തരൂർ മണ്ഡലത്തിലെ പശ്ചാത്തല സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. തരൂർ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വികസന പ്രാവർത്തനങ്ങളും വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ട് വിനിയോഗിക്കാൻ തടസ്സമില്ല. പ്ലാൻ ഫണ്ടിൽ നിന്നും ആവശ്യത്തിനുള്ള തുക വിനിയോഗിക്കാം. സി എം ഡി ആർ എഫിൽ നിന്നും കൂടുതൽ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായതായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിൽ കോവിഡ് ജാഗ്രത മുൻകരുതലിന്റെ ഭാഗമായി മൈക്ക് അനൗൺസ്മെന്റ് നടത്തും. പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സ്‌ക്വാഡ് പരിശോധനയ്ക്കായി ഇറങ്ങുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുകയും ചെയ്യുമെന്നും ജനപ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

 ഓൺലൈൻ പഠന പ്രവർത്തനത്തിനായി തരൂർ മണ്ഡലത്തിൽ നൽകിയത് 122 ടി.വികൾ

ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്കായി തരൂർ മണ്ഡലത്തിൽ 122 ടിവികൾ നൽകി. ആവശ്യം ഉണ്ടെങ്കിൽ ഇനിയും നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുന്ന കുട്ടികൾ കമ്പ്യൂട്ടറിനും ദു:ശീലങ്ങൾക്കും അടിമപ്പെടാതെ നോക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. വാർഡ് മെമ്പർ, മറ്റു ജനപ്രതിനിധികൾ എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

2019 ലെ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി രണ്ടു ഘട്ടങ്ങളിലായി 1.49 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിന് ജലജീവൻ പദ്ധതിപ്രകാരം റിപ്പോർട്ട് നൽകാനുള്ള ഗ്രാമപഞ്ചായത്തുകൾ ഇന്ന് (ജൂലൈ 29) റിപ്പോർട്ട് സമർപ്പിക്കണമെന്ന് സൂം മീറ്റിങ്ങിൽ മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കോവിഡിനൊപ്പം തന്നെ മുന്നോട്ടു പോകണം. വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹാൾ, വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ്, ഹോസ്റ്റൽ, മണ്ഡലത്തിലെ വിവിധ റോഡുകൾ, പാലങ്ങൾ, കണ്ണമ്പ്ര വ്യവസായ പാർക്ക്, ക്രാഫ്റ്റ് വില്ലേജ് എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുത്തനൂർ ആർട്സ് ആൻഡ് സയൻസ് കോളേജിനായി കണ്ടെത്തിയിട്ടുള്ള 14 ഏക്കർ ഭൂമിയുടെ കൈമാറ്റത്തിനുള്ള ഫയൽ, റവന്യൂ വകുപ്പ് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക്, ഏഴു കോടി രൂപ ചെലവിൽ നിർമിക്കുന്ന സിന്തറ്റിക് ബ്ലോക്ക് എന്നിവ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.